ആലപ്പുഴ വണ്ടാനത്ത് വഴിയില്ലാത്തതിനാൽ പുറത്തിറങ്ങാനാകാത്ത അമ്മയുടെയും തളർന്നുകിടക്കുന്ന മകന്‍റേയും ദുരവസ്ഥയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി. വഴിയില്ലാത്തതിനാൽ മതിൽചാടി പുറത്തിറങ്ങേണ്ടി വരുന്ന വണ്ടാനം കാട്ടുങ്കൽ വീട്ടിൽ പി.ജെ.ജയയുടെയും ഭിന്നശേഷിക്കാരനായ മകന്‍റേയും ദുരിത ജീവിതം മനോരമ ന്യൂസാണ് പുറത്തെത്തിച്ചത്.
മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. ജില്ലാ കലക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.ഗീത നിർദേശിച്ചു. മൂന്നുമാസം മുമ്പാണ് അയൽവാസി വഴി കെട്ടിയടച്ചത്. മതിലിൽ ഏണി ചാരിവച്ച് കയറിയാണ് അമ്മ പുറത്തേക്ക് പോകുന്നത്. ഇപ്പോൾ വഴി കെട്ടിയടച്ച അയൽവാസിയിൽ നിന്നാണ് 14 വർഷം മുൻപ് ജയ അഞ്ച് സെന്‍റ് സ്ഥലം വാങ്ങിയതും.
ഭിന്നശേഷിക്കാരനായ മകന്‍റെ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നതിന് വേണ്ടിയാണ് ഇവിടെ സ്ഥലം വാങ്ങിയത്. സ്ഥലം കൊടുത്തയാളുടെ പറമ്പിലൂടെയാണ് വഴി നടന്നിരുന്നത്. മകനെ ആശുപത്രിയിലെത്തിക്കാൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് സഹായിക്കാറുള്ളത്. മതിലിന് മുകളിലൂടെയാണ് മുരുകേശനെ ആംബുലൻസിൽ കയറ്റുന്നത്. മെഡിക്കൽ കോളേജിലെ സൗജന്യ ഭക്ഷണം കഴിച്ചാണ് ജയയും മകനും ജീവിക്കുന്നത്.