ആലപ്പുഴ കൈനകരിയിൽ നാട്ടുകാരുടെ കൂട്ടായ്മ ഒന്നിച്ചു നിന്നപ്പോൾ ഉണ്ടായത് പുതിയ റോഡ്. ചാവറഭവൻ മുതൽ കെ.ആർ.പാലം വരെയുള്ള ജനകീയ റോഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചതും നാട്ടുകാർ എല്ലാവരും ചേർന്നാണ്. റോഡ് വികസിപ്പിക്കുന്നതിന്‍റെ രണ്ടാം ഘട്ടവും നാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിൽ തന്നെ നടത്താനാണ് തീരുമാനം.
കൈനകരി ചാവറഭവൻ മുതൽ കെ.ആർ പാലം വരെയുള്ള ഭാഗത്ത് കാൽ നടയാത്ര പോലും ദുരിത പൂർണമായിരുന്നു. അധികാരികളോട് പറഞ്ഞ് മടുത്തിട്ടും നടക്കാതെ വന്നതോടെയാണ് നാട്ടുകാർ ജനകീയ റോഡ് നിർമിക്കാൻ തീരുമാനിച്ചത്. കഴിയുന്നതുപോലെ ഓരോ വീട്ടുകാരും സാമ്പത്തിക സഹായം നൽകി പ്രവാസി കളും സഹായിച്ചു.
അഞ്ചേകാൽ ലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ആദ്യഘട്ടത്തിൽ 800 മീറ്റർ ഭാഗത്ത് റോഡ് നിർമിച്ചു. ഉദ്ഘാടനവും നാട്ടുകാർ തന്നെ നടത്തി. പ്രവാസിയായ സാജു ചാവറ നാടമുറിച്ചു. ഒരു രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ഒരു ഓട്ടോ പോലും ഇവിടേക്ക് എത്തില്ല. വള്ളത്തിൽ കയറ്റി വേണം വാഹനം കിട്ടുന്നിടത്ത് എത്തിക്കാൻ . റോഡ് ഉണ്ടായതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന ആശ്വാസമാണ് നാട്ടുകാർക്ക് .