ranni-perumpuzha-bus-stand-toilet-closed-two-years-sabarimala-pilgrims-pathanamthitta

ശബരിമല തീർത്ഥാടന കാലം ആരംഭിച്ചിട്ടും പത്തനംതിട്ട റാന്നി ബസ് സ്റ്റാൻഡിലെ ശുചിമുറി തുറന്നില്ല. അറ്റകുറ്റപ്പണിയുടെ പേരിൽ രണ്ടുവർഷമായി പൂട്ടിക്കിടക്കുന്ന ശുചിമുറി യാത്രക്കാർക്കും തീർഥാടകർക്കും ഒരുപോലെ ദുരിതമാകുന്നു. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയോട് ചേർന്നുള്ള പ്രധാന കേന്ദ്രമാണ് റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡ്.

ദിവസവും നൂറുകണക്കിന് യാത്രക്കാരും തീർത്ഥാടകരും കടന്നുപോകുന്ന ഈ ബസ് സ്റ്റാൻഡിൽ, അറ്റകുറ്റപ്പണിക്കായി അടച്ച ശുചിമുറി രണ്ടുവർഷമായിട്ടും തുറന്നുനൽകിയിട്ടില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമില്ലാതെ വലയുകയാണ് യാത്രക്കാർ.

റാന്നി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ ശുചിമുറിയായിരുന്നു ഏക ആശ്രയം. തീർത്ഥാടന കാലത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് താൽക്കാലികമായി ബയോ ടോയ്ലറ്റുകളെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ഓട്ടോ തൊഴിലാളികളുടെയും ആവശ്യം.

അതേസമയം, പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ ശുചിമുറി സമുച്ചയം നിർമിക്കാനാണ് പദ്ധതിയെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു. എന്നാൽ, പുതിയ കെട്ടിടം ഉയരുന്നതുവരെ സാധാരണക്കാരായ യാത്രക്കാരും തീർത്ഥാടകരും പ്രാഥമിക കാര്യങ്ങൾക്കായി എവിടെ പോകുമെന്ന ചോദ്യം ബാക്കിയാണ്.

ENGLISH SUMMARY:

The public toilet at the Ranni Perumpuzha bus stand in Pathanamthitta remains closed even as the Sabarimala pilgrimage season has begun. Shut down for maintenance two years ago, the prolonged closure is causing severe hardships for hundreds of daily commuters, Sabarimala pilgrims, and visitors to Ranni Taluk Hospital.