പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പുറത്ത് വന്നതോടെ ഇടുക്കി ജില്ലയിൽ ആശങ്ക ഒഴിയുന്നു. ജില്ലയിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നായിരുന്നു ആശങ്ക. ഭൂപടത്തിൽ സി എച്ച് ആർ വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ജനവാസ മേഖലകളില്ല. കർഷകരെയും ഇ എസ് ഐ പരിധി നേരിട്ട് ബാധിക്കില്ല.
പരിസ്ഥിതി ലോല മേഖലയുടെ ഏഴാമത്തെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് ജില്ലയുടെ മലയോരമേഖല വീണ്ടും ആശങ്കയിലായത്. ഏലമലക്കാടുകൾ ഉൾപ്പെടുന്ന വില്ലേജുകളും കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരുന്നു. ഇത് ഏതൊക്കെ മേഖലയാണെന്ന ഭൂപടം പുറത്തു വരാത്തതും പ്രദേശങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതുമായിരുന്നു ആശങ്കയ്ക്ക് കാരണം. പുതിയ ഭൂപടം പുറത്ത് വന്നതോടെ കെഡിഎച്ച്, ബൈസൺ വാലി, കൊട്ടകാമ്പൂർ, ചിന്നക്കനാൽ ഉൾപ്പെടെ 28 വില്ലേജുകളാണ് നിലവിൽ പരിസ്ഥിതി ലോല മേഖലയുടെ ഭാഗമായിട്ടുള്ളത്. എന്നാൽ ഭൂപടത്തിൽ വ്യക്തതയില്ലെന്നും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ട സി എച്ച് ആർ വില്ലേജുകളുടെ പരിധി കൃത്യമായി വിശദീകരിക്കണമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്
പുതിയ ഭൂപടത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധനക്ക് ശേഷം പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കുമെന്നായിരുന്നു ജില്ലയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന്റെ ഉറപ്പ്. കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡും പരിസ്ഥിതി ലോല മേഖലയുടെ ഭാഗമായിട്ടുണ്ട്. അന്തിമ വിജ്ഞാപനം വന്നാൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങും. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം