ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് തടസം വരാത്തവിധം ശംഖുമുഖത്തെ ആറാട്ടുകടവില്‍ റാമ്പ് നിര്‍മിക്കാന്‍ തീരുമാനം. ഇറിഗേഷന്‍ വകുപ്പ് അധികൃതരും തന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് 13 മീറ്ററില്‍ പടിക്കെട്ട് ഒഴിവാക്കി റാമ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. റാമ്പിന് ഇരുവശത്തായി ആറാട്ടിന് സൗകര്യമൊരുക്കുന്ന തരം പടിക്കെട്ടും പണിയും.
ശംഖുമുഖത്തെ ബീച്ച് സൗന്ദര്യവല്‍കരണത്തിന്‍റെ ഭാഗമായി ആറാട്ടുമണ്ഡപത്തിനുസമീപം കല്‍പടികള്‍ നിര്‍മിക്കാനായിരുന്നു ഇറിഗേഷന്‍ വകുപ്പിന്‍റെ ആദ്യ തീരുമാനം. ആറാട്ടുവരുന്ന വഴിയില്‍ പടിക്കെട്ട് നിര്‍മിച്ചാല്‍ ആറാട്ടിനും പൂജയ്ക്കും തടസ്സമുണ്ടാകുമെന്ന് ഭക്തര്‍ പരാതിപ്പെട്ടതോടെ പണി താല്‍കാലികമായി നിര്‍ത്തിവെച്ചു. സ്ഥലം സന്ദര്‍ശിച്ച തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ രൂപരേഖ തയ്യാറാക്കുന്നത്. ആറാട്ട് മണ്ഡപത്തിന് മുന്നിലെ 13 മീറ്റര്‍ പടി ഒഴിവാക്കി ഇവിടെ റാമ്പ് നിര്‍മിക്കാനാണ് ആലോചന. ഇതോടെ ആറാട്ടിന് കടവിലേക്കിറങ്ങാനും പൂജാസമയത്ത് തന്ത്രിക്ക് ഗരുഡവാഹനം കാണുന്നതിനും തടസ്സമുണ്ടാകില്ലെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ തന്ത്രിയെ അറിയിച്ചു.
റാമ്പിന് ഇരുവശത്തുമായി ആറുമീറ്റര്‍ വീതം വീതിയില്‍ പടിക്കെട്ടുകള്‍ നിര്‍മിക്കും. ശ്രീപത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിന്‍റെ ആറാട്ടിനൊപ്പമെത്തുന്ന മറ്റ് അഞ്ച് ക്ഷേത്രത്തിലെ കൂടിയാറാട്ടിന് സൗകര്യമൊരുക്കാനാണ് ഇത്. ഭക്തര്‍ ആവശ്യപ്പെട്ടപ്രകാരം പൂര്‍ണമായും റാമ്പായാല്‍ തിര ആറാട്ടുമണ്ഡപത്തിലേക്ക് അടിച്ചുകയറാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇടയ്ക്ക് തീരശോഷണമുണ്ടാകുകയും മറ്റുചിലപ്പോള്‍ മണല്‍തിട്ട രൂപപ്പെടുകയും ചെയ്യുന്നതിനാല്‍ ആറാട്ടുസമയത്തെ സാഹചര്യം നോക്കി താല്‍കാലിക സംവിധാനമൊരുക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. കടലേറ്റത്തില്‍ തകര്‍ന്ന തീരം വീണ്ടെടുക്കാന്‍ 14 കോടി രൂപ മുടക്കിയാണ് ഇറിഗേഷന്‍ വകുപ്പ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്.