മാലിന്യ സംസ്കരണം നമുക്കെല്ലാം വലിയൊരു തലവേദനയാണ്. എന്നാല്‍ തിരുവനന്തപുരത്തെ ഐ.ടി കമ്പനിയായ യുഎസ്‌ടി ഭക്ഷ്യ മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ്. പ്രതിമാസം 1000 മുതല്‍ 1200 വരെ യൂണിറ്റ് വൈദ്യുതിയാണ് മാലിന്യത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്. ഇതുപയോഗിച്ചാണ് കമ്പനിയിലെ വിളക്കുകള്‍ കത്തിക്കുന്നത്.
ആറായിരത്തോളം പേര്‍ ജോലി ചെയ്യുന്ന യുഎസ്‌ടിയുടെ തിരുവനന്തപുരം ക്യാമ്പസില്‍ പ്രതിദിനം ഉണ്ടാകുന്നത് 250 കിലോ ജൈവമാലിന്യം. അവയെന്ത് ചെയ്യുമെന്ന കുഴക്കുന്ന ചോദ്യത്തില്‍ നിന്നാണ് മാലിന്യത്തില്‍ നിന്ന് വൈദ്യൂതിയും ജൈവ വളവും ഉല്‍പാദിപ്പിക്കുന്ന ഈ അത്യാധുനിക പ്ലാന്‍റിലേക്ക് എത്തിയത്.
ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഡോ. പ്രതാപിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വികസിപ്പിച്ച അനിറോബിക് ബയോ റിയാക്ടര്‍ ടെക്നോളജി ഉപയോഗിച്ച് ഡോ. മനോജിന്‍റെ റിതം എനര്‍ജിയാണ് പ്ലാന്‍റ് നിര്‍മിച്ച് നല്‍കിയത്. പ്രതിദിനം പത്ത് ടണ്‍ വരെ, അതായത് പതിനായിരം കിലോ ഗ്രാം മാലിന്യം വരെ ഈ ടെക്നോളജി ഉപയോഗിച്ച് സംസ്കരിക്കാം.