പത്തനംതിട്ട ഏനാത്ത് സ്റ്റുഡിയോയ്ക്ക് തീപിടിച്ചു. ഉള്ളിൽ കുടുങ്ങിയ ഉടമയെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. ജനൽ പൊട്ടിച്ച് വെള്ളമൊഴിച്ച് തീ നിയന്ത്രിച്ച ഏനാത്ത് സി.ഐയുടെ കൈക്ക് പരുക്കേറ്റു.
ഏനാത്ത് ടൗണിലെ കെട്ടിടത്തിലെ രണ്ടാം നിലയിലെ ചെല്ലം സ്റ്റുഡിയോയ്ക്ക് ആണ് തീ പിടിച്ചത്. പുറത്തേക്കിറങ്ങിയ ഉടമ പുക കണ്ട് അകത്തേക്ക് ഓടിക്കയറി. പുക നിറഞ്ഞതോടെ ഉള്ളിൽ കുടുങ്ങി. ഇതര സംസ്ഥാന തൊഴിലാളിയാണ് അദ്ദേഹത്തെ പിടിച്ചുനിർത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. സമീപത്തെ കടകളിൽ കൂടി മുകളിൽ കയറി ഏനാത്ത് സി.ഐ. അമൃത് സിങ് നായകം ചില്ലു പൊട്ടിച്ചു. ജനലിൽ കൂടി വെള്ളം അകത്തേക്ക് ഒഴിക്കാൻ ശ്രമിച്ചു. അടൂർ ഫയർഫോഴ്സ് ഇല്ലാത്തതിനാൽ കൊട്ടാരക്കര ഫയർഫോഴ്സ് എത്തുന്ന സമയം വരെ സമീപത്തെ കടകളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ ആയിരുന്നു ശ്രമം.
ചില്ല് പൊട്ടിക്കുന്നതിനിടെ കൈക്ക് പരുക്കേറ്റു. തൊട്ടടുത്ത് കടകളും കെ.എസ്.എഫ്.ഇ ശാഖയും ഉണ്ടായിരുന്നു. ദീർഘകാലമായി ഏനാത്ത് പ്രവർത്തിക്കുന്ന സ്റ്റുഡിയോ ആണ്. ആയിരക്കണക്കിന് ഫോട്ടോകളുടെ ശേഖരമുള്ള ഹാർഡ് ഡിസ്കുകളും കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.