suicide-reason

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മൂന്നംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ ഫിനാന്‍സ് സംഘത്തിന്റെ നിരന്തര ഭീഷണി. ജോലി സ്ഥലത്ത് ഉള്‍പ്പടെ എത്തിയുള്ള ഭീഷണിക്കെതിരെ മൂന്ന് മാസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അമ്പത്തിയെണ്ണായിരം രൂപ കടമെടുത്തതിനാണ് ധനകാര്യസ്ഥാപനത്തില്‍ നിന്ന് തുടര്‍ച്ചയായ ഭീഷണിയുണ്ടായത്. 

 

നെയ്യാറ്റിന്‍കരക്ക് അടുത്ത് കൂട്ടപ്പനയില്‍ താമസിക്കുന്ന മണിലാലും ഭാര്യ സ്മിതയും മകന്‍ അഭിലാലുമാണ് ഞായറാഴ്ച രാത്രി സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിച്ചത്. കടബാധ്യതയാണ് ഈ കടുംകൈയ്ക്ക് കാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കടബാധ്യതയ്ക്ക് പിന്നാലെയുണ്ടായ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയും അത് തടയുന്നതില്‍ പൊലീസിന്റെ പരാജയവുമാണ് ഇവരെ ആത്മഹത്യയിലേക്ക് തള്ളിയിട്ടതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 2ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്ക് സ്മിത നല്‍കിയ പരാതിയാണിത്. ധനകാര്യസ്ഥാപനത്തില്‍ നിന്ന് 58000 രൂപ കടമെടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ജോലി സ്ഥലത്തും വീട്ടിലുമെത്തി അവര്‍ ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും അപമാനിക്കുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു. സ്മിത ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയും ഭീഷണി സാക്ഷ്യപ്പെടുത്തുന്നു.

പരാതി പൊലീസ് വാങ്ങിവച്ചതല്ലാതെ ഒന്നും ചെയ്തില്ല. അതോടെ ഭീഷണിയില്‍ മനംമടുത്ത സ്മിത ജോലി നിര്‍ത്തി. ഇതോടെ വീട്ടിലുമെത്തി ഭീഷണിയായി. എന്നാല്‍ ആത്മഹത്യാകുറിപ്പില്‍ ഇക്കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന പേരില്‍ ഭീഷണിയേക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

ENGLISH SUMMARY:

The constant threats of the finance gang behind the suicide of a family of three in Neyyatinkara, Thiruvananthapuram.