ബസോടിയിരുന്ന റോഡില്‍ ഓട്ടോ വരാത്ത അവസ്ഥ; പൈപ്പിടാന്‍ റോഡ് കുത്തിപൊളിച്ചിട്ട് അഞ്ചു വര്‍ഷം

road-kazhakoottam
SHARE

ഡ്രൈനേജ് പൈപ്പിടാനായി റോഡ് കുത്തിപ്പൊളിച്ചിട്ട് അഞ്ച് വര്‍ഷം. പൈപ്പുമിട്ടില്ല, റോഡുമില്ലാതായി. തിരുവനന്തപുരം കഴക്കൂട്ടത്തെ അരശുംമൂട് കുഴിവിള താമസക്കാര്‍ക്കാണ് ഈ തീരാദുരിതം. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴക്കൂട്ടം മുതല്‍ മുട്ടത്തറ വരെ പൈപ്പിടാനാണ് റോഡ് പൊളിച്ചത്. പണി ഉടന്‍ തീരുമെന്ന പല്ലവി കേട്ട് മടുത്ത നാട്ടുകാര്‍ ഒടുവില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. 

ബസ് ഓടിയിരുന്ന ഒരു റോഡായിരുന്നു ഇത്.  ഇപ്പോള്‍ ഓട്ടോറിക്ഷ പോലും വരില്ല. അഞ്ച് വര്‍ഷം മുമ്പാണ് ഡ്രൈനേജ് പൈപ്പിടാന്‍ ടെക്നോ പാര്‍ക്ക് ഫെയ്സ് രണ്ടിന് സമീപത്തൂടെ പോകുന്ന അഞ്ച് കിലോമീറ്ററോളം വരുന്ന ഈ റോഡ് കുത്തിപ്പൊളിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴക്കൂട്ടം മുതല്‍ മുട്ടത്തറ വരെ സീവറേജ് പൈപ്പിടാനുള്ള 130 കോടി രൂപയുടെ പദ്ധതി. രണ്ട് വര്‍ഷത്തിനകം പണി തീര്‍ക്കുമെന്നായിരുന്നു ഉറപ്പ്. കരാറുകാര്‍ മാറി മാറി വന്നു. പണി ഇഴഞ്ഞ് നീങ്ങി. മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയെങ്കിലും ഫലമില്ല.

റോഡ് തകര്‍ന്നതിനാല്‍ ഓട്ടോക്കാര്‍ മാത്രമല്ല സ്കൂള്‍ ബസുകളും വരാതായി. മഴ പെയ്താല്‍ ഇരുചക്രവാഹനങ്ങള്‍ പോലും റോഡിലിറക്കാനാകില്ല. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ പോകാന്‍ ചെളിക്കുഴികളിലൂടെ ചുമന്നുവേണം രോഗികളെ ദേശീയ പാതയിലേക്കെത്തിക്കാന്‍. സഹികെട്ട നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നായിരുന്നു സ്ഥലം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍റെ കുറ്റപ്പെടുത്തല്‍. വിവാദമായതോടെ ക്ഷമാപണം നടത്തി എം.എല്‍.എ തടിയൂരി. അപ്പോഴും പണി എന്ന് തീരുമെന്ന ചോദ്യത്തിന് ഉത്തരമില്ല.

MORE IN SOUTH
SHOW MORE