കൊടുംവേനലിനൊപ്പം ജല അതോറിറ്റിയും ചതിച്ചു; കുടിവെള്ളം മുട്ടി ആറ്റിപ്ര; പ്രതിഷേധം

കൊടുംവേനലിനൊപ്പം ജല അതോറിറ്റിയും ചതിച്ചതോടെ കുടിവെള്ളം മുട്ടി തിരുവനന്തപുരം ആറ്റിപ്രയിലെ നാട്ടുകാര്‍. രണ്ടാഴ്ചയായി പൈപ്പിലൂടെ തുള്ളിവെള്ളം പോലും വരാതായതോടെ വീട്ടമ്മമാരടക്കം റോഡ് ഉപരോധിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ ജനകീയപ്രതിഷേധം കനത്തതോടെ ടാങ്കില്‍ വെള്ളമെത്തിച്ച് തടിതപ്പാനാണ് കോര്‍പ്പറേഷന്റെയും ജല അതോറിറ്റിയുടെയും ശ്രമം. 

തലസ്ഥാനത്തെ ഏറ്റവും വികസിത കേന്ദ്രം എന്നറിയപ്പെടുന്ന ടെക്നോപാര്‍ക്കിന് വിളിപ്പാടകലെ താമസിക്കുന്നവര്‍ക്കാണ് ഈ ഗതികേട്. മുമ്പൊക്കെ എല്ലാ ദിവസവും വെള്ളം പൈപ്പിലെത്തുമായിരുന്നു. പിന്നീട് ആഴ്ചയില്‍ മൂന്ന് ദിവസമായി. ഇപ്പോള്‍ കാറ്റടിച്ചാല്‍ പോലും പൈപ്പിലൂടെ ഒരുതുള്ളി വെള്ളം വീഴില്ല. വാട്ടര്‍ അതോറിറ്റിക്കാരോട് പറഞ്ഞാല്‍ പരിശോധിക്കാമെന്ന ഒറ്റ മറുപടി മാത്രം. കൊടുംവേനലില്‍ ജനങ്ങള്‍ നരകിക്കുന്ന അവസ്ഥ.

മണ്‍വിളയിലും തൃപ്പാദപുരത്തുമായി സ്ത്രീകളും കുട്ടികളുമെല്ലാം ചേര്‍ന്ന് റോഡ് ഉപരോധിച്ചു. ഇതോടെ അതുവരെ തിരിഞ്ഞ് നോക്കാതിരുന്ന കോര്‍പ്പറേഷന്‍ ടാങ്കില്‍ വെള്ളവുമായെത്തി. അതോടെ രോഷം അണപൊട്ടി ഒഴുകി. കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് പ്രശ്നം തല്‍കാലത്തേക്ക് പരിഹരിക്കാമെന്ന ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞു. പക്ഷെ വെള്ളം എത്തിയില്ലങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ഇനിയും കനക്കും

Trivandrum drinking water issue