വേനല്‍ കടുത്തു; കടലാമയുടെ മുട്ടയ്ക്ക് സംരക്ഷണമൊരുക്കി വനപാലകര്‍

sea turttle eggs
SHARE

വേനല്‍കടുത്തതോടെ കടലാമയുടെ മുട്ടയ്ക്ക് സംരക്ഷണമൊരുക്കി വനപാലകര്‍. കൊല്ലം ബീച്ചില്‍ കരയ്ക്കെത്തിയ കടലാമ കഴിഞ്ഞദിവസമാണ് മുട്ടയിട്ടത്. വേനല്‍ചൂടും തെരുവുനായ്ക്കളുടെ ശല്യവും ഒഴിവാക്കാന്‍ കടലാമയുടെ മുട്ടകൾ വനംഉദ്യോഗസ്ഥര്‍ ശേഖരിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.

കഴിഞ്ഞദിവസം രാത്രിയാണ് കൊല്ലം ബീച്ചിലെ തിരക്കൊഴിഞ്ഞയിടം നോക്കി കടലാമ കര കയറിയെത്തിയത്. മുന്‍ചിറകു കൊണ്ട് ഒന്നരയടി താഴ്ചയില്‍ കുഴിയെടുത്ത് സുരക്ഷിതയിടമാണെന്നുറപ്പാക്കി അരമണിക്കൂറുകൊണ്ടാണ് മുട്ടയിടീല്‍ പൂര്‍ത്തിയാക്കിയത്. തിരികെ മുട്ടയ്ക്ക് മുകളില്‍ മണ്ണിട്ട് മൂടിയശേഷം കടലിലേക്ക് മടങ്ങുകയും ചെയ്തു. 

        

വിവരമറിഞ്ഞെത്തിയ വനപാലകര്‍ 112 മുട്ടകളും ശേഖരിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ഒലിവ് റെഡ്‍ലി ഇനത്തിലുളള കടലാമയാണിതെന്നാണ് സൂചന. ഏകദേശം 45 ദിവസം കൊണ്ട് മുട്ടകള്‍ വിരിയും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ കടലിലേക്ക് തന്നെ വിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

         

വംശനാശം നേരിടുന്നവയാണ് കടലാമ. ജെല്ലിഫിഷ് ആണെന്നു കരുതി കടലില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് വിഴുങ്ങുന്നതുകാരണം കടലാമകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നതായാണ് പഠനറിപ്പോര്‍ട്ടുകള്‍.

MORE IN SOUTH
SHOW MORE