കൊല്ലം ചക്കുവള്ളിയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അനധികൃത ഗോഡൗണിന്റെ നടത്തിപ്പുകാരന്‍ സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജെ കുറുപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നൂറ്റിനാല്‍പത് സിലിണ്ടറുകളില്‍ ആറെണ്ണമാണ് പൊട്ടിത്തെറിച്ചത്. 

ചക്കുവളളി കൊച്ചുതെരുവ് ചെമ്മാട്ട്മുക്കിന് സമീപത്താണ് പാചകവാതകം നിറയ്ക്കുന്ന അനധികൃത കേന്ദ്രത്തിലാണ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത്. പത്തനംതിട്ട തുമ്പമണ്ണില്‍ പാചകവാതകവിതരണ ഏജന്‍സിയുളള പ്രകാശ് ജെ കുറുപ്പിന്റെ വീടിനോട് ചേര്‍ന്നായിരുന്നു ഗൗഡൗണ്‍ പ്രവര്‍ത്തിച്ചത്. 141 സിലിണ്ടറുകളില്‍ 55 എണ്ണം പാചകവാതകം നിറച്ചതായിരുന്നു. ഇതില്‍ ആറെണ്ണമാണ് പൊട്ടിത്തെറിച്ചത്. ഗാര്‍ഹീകആവശ്യത്തിനുളള പാചകവാതക സിലിണ്ടറില്‍ നിന്ന് വാണിജ്യആവശ്യത്തിനുളള സിലിണ്ടറിലേക്ക് പാചകവാതകം നിറയ്ക്കുമ്പോഴായിരുന്നു അപകടം. തുമ്പമണ്ണിലെ ഏജന്‍സിയില്‍ നിന്നാണ് ഇവിടേക്ക് സിലിണ്ടര്‍ എത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സിപിഎം പോരുവഴി മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു പ്രകാശ് ജെ കുറുപ്പ്. ഇപ്പോള്‍ പാര്‍ട്ടിയുമായി അത്ര അടുപ്പമില്ലെന്നാണ് വിവരം. ശാസ്താംകോട്ടയില്‍ നിന്ന് സപ്ളൈ ഉദ്യോഗസ്ഥരെത്തി സിലിണ്ടറുകള്‍ സിനിമാപറമ്പിലെ കെട്ടിടത്തിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശൂരനാട് പൊലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ ഉദ്യോഗസ്ഥ തണലില്‍ കാലങ്ങളായി അനധികൃത കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.