miniaturetrainveli-06

തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജില്‍ ലക്ഷങ്ങള്‍ ചിലവിട്ട് കൊണ്ടുവന്ന മിനിയേച്ചര്‍ ട്രെയിന്‍ ഒരു മാസമായി കട്ടപ്പുറത്ത്. ട്രെയിനിന്‍റെ ബാറ്ററികളുടെ ചാര്‍ജര്‍ തകരാറിലായതാണ് കാരണം. ഇത് നന്നാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. മിനിയേച്ചര്‍ ട്രെയിനിനെ കുറിച്ച് കേട്ടറിഞ്ഞ് ടൂറിസ്റ്റ് വില്ലേജില്‍ എത്തി നിരവധി വിനോദ സഞ്ചാരികളാണ് നിരാശയോടെ മടങ്ങുന്നത്. ട്രെയിന്‍ ഓടാതയതോടെ വേതനം മുടങ്ങുമോയെന്ന ആശങ്കയിലാണ് ജീവനക്കാര്‍. 

നാല്‍പത് കാഡ്മിയം ബാറ്ററികളിലാണ് ഈ മിനിയേച്ചര്‍ ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററികളുടെ ചാര്‍ജറിന്‍റെ പി.സി.ബി ബോര്‍ഡ് ഒരുമാസം മുമ്പ് തകരാറിലായി. പുതിയ ബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. ടൂറിസ്റ്റ് വില്ലേജിലേക്കെത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ നിരാശരായാണ് മടങ്ങുന്നത്.

ട്രെയിന്‍ സര്‍വ്വീസിന് വേണ്ടിയുള്ള പതിനൊന്ന് ജീവനക്കാര്‍ക്ക് ഈമാസത്തെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. ട്രെയിന്‍ ഓടിത്തുടങ്ങുന്നതുവരെ ശമ്പളം മുടങ്ങുമോയെന്ന ആശങ്കയിലാണ് അവര്‍. ബെംഗളൂരുവിലുള്ള  സൈറന്‍സ് എന്ന കമ്പനിയുടെ ചാര്‍ജറാണ് ഉപയോഗിക്കുന്നത്. കമ്പനി രണ്ടാഴ്ച മുമ്പ് എത്തിച്ച പി.സി.ബി ബോര്‍ഡ് പ്രവര്‍ത്തിച്ചില്ല. പുതിയ ബോര്‍ഡ് ഉടന്‍ എത്തിക്കുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തകരാറുകള്‍ പരിഹരിച്ച് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നും ടൂറിസം വില്ലേജിന്‍റെ നടത്തിപ്പുകാരായ സഹകരണ വകുപ്പിന് കീഴിലുള്ള ടൂര്‍ഫെഡ് അധികൃതര്‍ പറയുന്നു. 

Miniature train service suspended due to battery charger complaint

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.