bridge

TAGS

കാല്‍നൂറ്റാണ്ടോളമായി പാലത്തിനായുള്ള കാത്തിരിപ്പിലാണ് കോഴിക്കോട് കാരശേരി വൈശ്യംപുറം നിവാസികള്‍. ഇരുവഞ്ഞിപ്പുഴയ്ക്കു കുറുകേ മുക്കം ഭാഗത്തേക്ക് പാലം നിര്‍മിക്കാന്‍ മൂന്നുതവണ തുക അനുവദിച്ചിരുന്നു.  ഒരിക്കല്‍ പ്രവൃത്തി ഉദ്ഘാടനവും നടന്നെങ്കിലും പാലത്തിനായുള്ള പ്രവര്‍ത്തനംപോലും  ഇതുവരെ തുടങ്ങിയിട്ടില്ല.

കാരശേരി പഞ്ചായത്തിലെ വൈശ്യംപുറത്തെയും മുക്കം നഗരസഭയിലെ കച്ചേരിയെയും ബന്ധിപ്പിച്ച് തൂക്കുപാലം നിര്‍മിക്കാന്‍ 20 വര്‍ഷം മുന്‍പ് മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് കോണ്‍ക്രീറ്റ് പാലത്തിനായി 2016ല്‍ സംസ്ഥാന ബജറ്റില്‍  രണ്ടുകോടി രൂപ വകയിരുത്തി. ഒടുവില്‍ 2021ല്‍ 1.24 കോടി രൂപ അനുവദിച്ച് പ്രവൃത്തി ഉദ്ഘാടനം നടത്തി. അതിനപ്പുറം ഒന്നുംനടന്നില്ല, മൂന്നുതവണയും അനുവദിച്ച തുക നഷ്ടമായത് മിച്ചം. 

അപ്രോച്ച് റോഡിന് സ്ഥലം കിട്ടാത്തതാണ് പാലംനിര്‍മിക്കാന്‍ തടസമെന്നവാദം തെറ്റാണെന്ന് പാലം നിര്‍മാണ കമ്മിറ്റി ഭാരവാഹി പറയുന്നു. 

 പാലമില്ലാത്തതിനാല്‍ ഏഴുകിലോമീറ്ററോളം ദൂരം ചുറ്റിസഞ്ചരിച്ചുവേണം മുക്കത്തെത്താന്‍. പാലം യാഥാര്‍ഥ്യമായാല്‍ സമീപ പ്രദേശത്തുകാര്‍ക്കും കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും. സംസ്ഥാന ഫണ്ടില്‍ ഇനി പ്രതീക്ഷയില്ലാത്തതിനാല്‍   കേന്ദ്ര ഫണ്ടിനായി രാഹുല്‍ ഗാന്ധി എം.പിക്ക് അപേക്ഷനല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.