kavanadtoll-041

TAGS

കഴിഞ്ഞ പത്തുദിവസമായി മുടങ്ങിക്കിടക്കുന്ന കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൂര്‍ണമായും റദ്ദാക്കണോ എന്നതില്‍ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കും. ദേശീയപാതയുടെ വികസനം പൂര്‍ത്തിയാകുന്നതുവരെ അനുവദിക്കില്ലെന്ന ഡിവൈഎഫ്ഐ സമരത്തെ തുടര്‍ന്നാണ് ടോള്‍ പിരിവ് മുടങ്ങിയത്. ടോള്‍ പിരിവ് നിര്‍ത്തണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപിയും കേന്ദ്രഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ആറുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാണ് ആവശ്യം. ബൈപാസില്‍ മേല്‍പാലങ്ങളുടെയും മറ്റും നിര്‍മാണം നടക്കുന്നു. തെരുവ് വിളക്കുകളില്ല. യാത്രക്കാര്‍ക്ക് പലയിടത്തും ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. പത്തുദിവസം മുന്‍പ് ഡിവൈഎഫ്െഎ അഞ്ചാലുംമൂട് ബ്ളോക്ക് കമ്മിറ്റി ടോള്‍പിരിക്കുന്നത് തടഞ്ഞ് സമരം തുടങ്ങിയതോടെയാണ് ടോള്‍ പിരിവ് മുടങ്ങിയത്. സബ് കലക്ടറും ദേശീയപാത ഉദ്യോഗസ്ഥരും ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. അന്തിമതീരുമാനം എടുക്കാന്‍ വിഷയം ഡല്‍ഹിയിലെ ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

         

ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപിയും ദേശീയപാത അതോറിറ്റിക്കും കേന്ദ്രഗതാഗതമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ടോള്‍ മുടങ്ങിയതിലൂടെ ദിവസം മൂന്നുലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുന്നതായാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ പറയുന്നത്. 2019 ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപാസില്‍ 2021 ലാണ് കാവനാട്ട് ടോള്‍ പിരിവ് തുടങ്ങിയത്. 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.