gavi

പത്തനംതിട്ട ഗവി റൂട്ടില്‍ കാട്ടാന വഴിമാറാതെ ഇരുന്നതോടെ കെഎസ്ആര്‍ടിസി ബസ് ഒന്നരക്കിലോമീറ്റര്‍ പുറകോട്ടെടുത്ത് വഴിമാറിപ്പോയി. ഗവി റോഡില്‍ സ്ഥിരമായി കാട്ടാന സാന്നിധ്യമുണ്ട്. അതേസമയം സീതത്തോട്ടില്‍ നാട്ടുകാരുടെ പേടിസ്വപ്നമായ കാട്ടാന കുട്ടിശങ്കരന്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നാട്ടിലിറങ്ങി. പത്തനംതിട്ട ഗവി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഇന്നലെ ഉച്ച കഴിഞ്ഞ് തിരിച്ചു വരും വഴി കൊച്ചുപമ്പയില്‍ വച്ചാണ് ആന തടഞ്ഞത്. ആന വഴിയില്‍ നില്‍‌ക്കുന്നതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരുന്നത് പതിവാണ്. കുറച്ച് സമയം ശല്യപ്പെടുത്താതെ കാത്തുനിന്നാല്‍ ആന ഒഴിയും. 20 മിനിറ്റ് നിന്നിട്ടും ആന വഴികൊടുക്കാഞ്ഞതോടെയാണ് ഒന്നരക്കിലോമീറ്റര്‍ പിന്നോട്ടെടുത്ത് കൊച്ചുപമ്പ കാന്‍റീന്‍ വഴി തിരിഞ്ഞു പ്രധാന റോഡില്‍ കയറിയത്.

സീതത്തോട്ടിലാണ് ഒരു വര്‍ഷമായി മാറി നിന്ന കാട്ടാന വീട്ടും കക്കാട്ടാറ് നീന്തിക്കടന്ന് എത്തിയത്.  കാടിറങ്ങി വന്നപ്പോള്‍ ആദ്യം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. കുട്ടി ശങ്കരനെന്നു പേരുമിട്ടു . ജനവാസകേന്ദ്രത്തിലെത്തി കൃഷി നശിപ്പിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാര്‍ക്ക് ഭീതിയായത്. വനപാലകർ പടക്കം പൊട്ടിച്ചും പിവിസി പൈപ്പ് തോക്ക് ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയും ആനയെ തുരത്തുകയായിരുന്നു. ഇന്നലെ വീണ്ടും ഇറങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

Wild elephant blocked Pathanamthitta Gavi bus route

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ