thiruvalla

തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച മൂന്നര ലക്ഷം രൂപ ജീവനക്കാരി ഇടപെട്ട് കൈക്കലാക്കിയെന്ന് പരാതി. തിരുവല്ല സ്വദേശിനി വിജയലക്ഷ്മി മോഹനും മകള്‍ നീന മോഹനും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. പണം തട്ടിയ ജീവനക്കാരിയെ പുറത്താക്കിയെന്നും നഷ്ടമായ പണം നല്‍കേണ്ട ബാധ്യത ബാങ്കിനില്ലെന്നുമാണ് ബാങ്കിന്‍റെ നിലപാട്.

2015ലാണ് തിരുവല്ല സ്വദേശിനി വിജയലക്ഷ്മി മൂന്നര ലക്ഷം രൂപ തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വര്‍ഷത്തിനുശേഷം പലിശ സഹിതം ആറുലക്ഷം കിട്ടേണ്ടിടത്ത് പക്ഷേ അക്ക‍‍ൗണ്ട് കാലി. 2022ല്‍ തുക പിന്‍വലിക്കാനെത്തിയപ്പോഴാണ് പണം മുന്‍പേ പിന്‍വലിച്ച് അക്ക‍ൗണ്ട് ക്ലോസ് ചെയ്തതായി അറിയുന്നത്. ജീവനക്കാരി വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കിയെന്നായിരുന്നു ബാങ്കിന്‍റെ വിശദീകരണം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും വിജയലക്ഷ്മിയുടെ മകള്‍ നീന മോഹന്‍.

തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ പുറത്താക്കിയെന്നും ക്ലോസ് ചെയ്ത പണം ബാങ്കിനുനല്‍കാന്‍ സാധിക്കില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ഹൈക്കോടതിയും ജോയിന്‍റ് ര‍ജിസ്‌ട്രാറും ഇടപെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പണം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ നിയമനടപടിക്കൊരുങ്ങുകയാണ് വിജയലക്ഷ്മിയും കുടുംബവും.

Complaint that three and a half lakh rupees deposited in the bank was taken by an employee