pathanapuram1

TAGS

കൊല്ലം പത്തനംതിട്ട ജില്ലകളിലായി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍‌ക്കുന്ന അഞ്ചു യുവാക്കളെ കൊല്ലം പത്താനാപുരത്ത് പൊലീസ് പിടികൂടി. അടൂരിലെ തേപ്പുപാറ, തൊടുവക്കാട് പ്രദേശത്തുളള യുവാക്കളുടെ നേതൃത്വത്തിലായിരുന്നു മോഷണം. 

പത്തനംതിട്ട കൊടുമണ്‍ തേപ്പുപാറ മുരുകൻകുന്ന് രാഖി ഭവനിൽ രാഹുൽ, കാവടിഭാഗം ഒഴുകുപാറ പുത്തൻവീട്ടിൽ ശ്യാം പി പ്രകാശ് , തൊടുവക്കാട് വിഷ്ണു ഭവനിൽ വിജീഷ് , കാവടിഭാഗം രാജി ഭവനിൽ അഭി, തൊടുവക്കാട് വലിയവിള താഴതിൽ വീട്ടിൽ സിബിൻ എന്നിവരെയാണ് പത്തനാപുരം പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ ബൈക്കില്‍ കറങ്ങി നടന്ന് വീടുകളുടെ മുറ്റത്ത് വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്നതായിരുന്നു രീതി. മോഷ്ടിക്കുന്ന ഇരുചക്രവാഹനങ്ങള്‍ പൊളിച്ച് സ്പെയർപാർട്ടുകളായി വിൽക്കും, മാങ്കോട് മുള്ളൂർ നിരപ്പ് സ്വദേശിയായ ഇബ്രാഹിം സിക്കന്ദറുടെ ബൈക്ക് രണ്ടുമാസം മുൻപ് വീട്ടുമുറ്റത്ത് നിന്ന് രാത്രി മോഷണം പോയിരുന്നു. ഇൗ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എൻജിൻ നമ്പറും മറ്റും മാറ്റം വരുത്തിയ മൂന്ന് ബൈക്കുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പത്തൊന്‍പതും ഇരുപതും വയസ് മാത്രമാണ് ചില പ്രതികള്‍ക്ക് പ്രായം. പ്രതികളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷണം തുടരുന്നതായി പത്തനാപുരം പൊലീസ് അറയിച്ചു.