റോഡുവശത്തെ മരങ്ങൾ മുറിച്ചിട്ടാൽ അവ നീക്കം ചെയ്യാൻ നടപടിയില്ലെന്ന് പരാതി. കൊല്ലം കുന്നിക്കോട് വിളക്കുടിയിലും, പനമ്പറ്റയിലും മുറിച്ചിട്ട മരങ്ങൾ അപകടമുണ്ടാക്കുകയാണ്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ വിളക്കുടി ബിഎഡ് കോളജിന് മുന്നിലാണ് റോഡിന്‍റെ ഇരുവശത്തുമായി തടികൾ കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായി. റോഡിലേക്ക് ചാഞ്ഞുനിന്ന കൂറ്റൻ മാവിന്റ തടിയും ചില്ലകളും ഇവിടെ തന്നെ കൂട്ടിയിട്ടു.
കുന്നിക്കോട് - പത്തനാപുരം റോഡിൽ പനമ്പറ്റയ്ക്ക് സമീപത്തും ഇത്തരത്തിൽ തടി ഉപേക്ഷിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് മുറിച്ച മരത്തിന്‍റെ തടിയാണ് നീക്കം ചെയ്യാത്തത്.
ദേശീയപാതയോരത്ത് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം വർഷങ്ങൾ പിന്നിടുമ്പോഴാണ് നടപ്പാക്കുന്നത്. എന്നാൽ തടി മാറ്റാൻ മാത്രം നടപടിയുണ്ടാകുന്നില്ല.