nedumpuramcds-02

തിരുവല്ല നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ നടന്നത് 38 ലക്ഷം രൂപയുടെ തട്ടിപ്പ്. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വൻ കൊള്ള പുറത്തുവന്നത്. കുറ്റക്കാരായ സിഡിഎസ് അധ്യക്ഷനും അക്കൗണ്ടന്റിനും മെമ്പർ സെക്രട്ടറിക്കും എതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി ഇന്ന് സിഡിഎസ് കമ്മിറ്റി ചേരും.

പത്തു വർഷത്തെ കണക്കെടുത്തു നടത്തിയ സമഗ്ര പരിശോധനയിലാണ് കുടുംബശ്രീ പദ്ധതികളുടെ മറവിൽ മൂന്ന് സിഡിഎസ് ഭാരവാഹികൾ ചേർന്ന് നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. നടപ്പിലാകാത്ത പദ്ധതികളുടെയും സംരംഭങ്ങളുടെയും പേരിലനുവദിച്ച പണം ഇവർ സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയായിരുന്നു. ക്യാഷ് ബുക്കോ രജിസ്റ്ററോ എഴുതിയിരുന്നില്ല. ബില്ലുകളും വൗച്ചറുകളും സൂക്ഷിച്ചിരുന്നില്ല. വിലയിരുത്തൽ സമിതി കൃത്യമായി കൂടാനും സിഡിഎസ് ഭാരവാഹികൾ തയ്യാറല്ലായിരുന്നു. ആർകെഎൽഎസ് സബ്സിഡി നൽകിയതിലും വ്യാപക ക്രമക്കേടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. വിശദപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്തു. സിഡിഎസ് കമ്മിറ്റിയും പൊതുസഭയും ചേർന്നശേഷം മറ്റ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ.

In Tiruvalla Nedumbram village panchayat, a fraud of Rs. 38 lakhs took place under the guise of Kudumbashree schemes.