കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കാട്ടുപന്നിശല്യം രൂക്ഷമായ കൊല്ലം ശൂരനാട് വടക്കാണ് കാട്ടുപന്നിക്ക് കിണർ കെണിയായത്. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അഴകിയകാവ് എൽപി സ്കൂളിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ അറിയിച്ചതു പ്രകാരം ശാസ്താംകോട്ടയിൽ നിന്ന് അഗ്നിശമനസേനയെത്തി. കയറും വലയും ഒരുക്കി കാട്ടുപന്നിയെ കരയ്ക്കു കയറ്റാൻ ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചു.
എന്നാൽ പന്നിയെ പിടികൂടി വീണ്ടും ജനവാസമേഖലയിൽ തുറന്നുവിടുമെന്നായതോടെ നാട്ടുകാരും കർഷകരും ഇടഞ്ഞു. കാട്ടുപന്നിയെ കൊല്ലാൻ അഗ്നിശമന സേനയ്ക്ക് സാധിക്കില്ല. വനപാലകരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അംഗീകൃത ഷൂട്ടർമാരെ കൊണ്ട് പന്നിയെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. ഇതുപ്രകാരം മാവേലിക്കരയിൽ നിന്ന് ലൈസൻസ് ഉള്ള ആളിനെ എത്തിച്ചു. ഷൂട്ടർ ദിലീപ് കോശിയാണ് കിണറ്റിൽ കിടന്ന പന്നിയെ വെടിവെച്ചു കൊന്നത്. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
A wild boar that fell into a well was shot dead