സിപിഎം ഭരണത്തിലിരിക്കെ ക്രമക്കേട് നടന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി സര്‍വീസ് സഹകരണബാങ്കിന്‍റെ പുനരുജ്ജീവന നടപടികള്‍ വൈകുന്നു. 12 വര്‍ഷം മുന്‍പ് 12 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. ആയിരത്തിലധികം നിക്ഷേപകര്‍ക്കാണ് പണം ലഭിക്കാനുളളത്.
പതിനെട്ടുവര്‍ഷം മുന്‍പ് പതിനാറു ലക്ഷം രൂപ നിക്ഷേപിച്ച വൈക്കത്ത് വീട്ടില്‍ വിആര്‍ കൃഷ്ണപിളള കഴിഞ്ഞദിവസമാണ് മരിച്ചത്. നിരവധിതവണ ചോദിച്ചിട്ടും മരുന്നുവാങ്ങാനുളള പണം പോലും എണ്‍പത്തിനാലുകാരനായ കൃഷ്ണപിളളയ്ക്ക് ലഭിച്ചിരുന്നില്ല. കൃഷ്ണപിളളയെ പോലുള്ള ഒരുപാട് പേരാണ് താമരക്കുടി സര്‍വീസ് സഹകരണബാങ്കിലെ നിക്ഷേപതുകയ്ക്കായി കാത്തിരിക്കുന്നത്.
2011 ല്‍ സിപിഎം ഭരണത്തിലിരിക്കെയാണ് കര്‍ഷകരും സാധാരണക്കാരും വളര്‍ത്തിയെടുത്ത ബാങ്കില്‍ ക്രമക്കേട് നടക്കുന്നത്. പന്ത്രണ്ട് കോടിയുടെ ക്രമക്കേടില്‍ 2016 ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും കുറ്റവാളികള്‍ക്ക് രാഷ്ട്രീയം തണലായപ്പോള്‍ അന്വേഷണങ്ങളെല്ലാം നിലച്ചു. നിക്ഷേപകരുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാലും വിഎന്‍വാസവനും യോഗം ചേര്‍ന്ന് ബാങ്ക് പുനരുജ്ജീവനം പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പായിട്ടില്ല.