തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയ്ക്ക് ക്രൂരമർദ്ദനം. മുഖംമൂടി ധരിച്ചെത്തിയ അക്രമി കമ്പിപ്പാരകൊണ്ട് കാൽ അടിച്ചൊടിച്ചു. കാലിലെ എല്ല്പൊട്ടിയ വയോധികയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് പാല്‍സൊസൈറ്റിയില്‍ പാല്‍ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങിയ അറുപത്തിമൂന്ന് വയസുകാരി വാസന്തിയാണ് ക്രുരമര്‍ദ്ദനത്തിനിരയായത്. കറുത്ത ഷര്‍ട്ടും പാന്‍റും ധരിച്ച് മുഖം മറച്ചെത്തിയ അക്രമി വാസന്തിയുടെ വീടിന് മുന്നിൽവെച്ച് കമ്പിപ്പാരയുപയോഗിച്ച് മർദിക്കുകയായിരുന്നു. ആദ്യം തലക്കാണ് അടിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. തുടര്‍ന്ന് താഴെ വീണ വായോധികയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാരെത്തിയതോടെ അക്രമി ഓടി രക്ഷപെട്ടു. ആരുമായും ശത്രുതയില്ലെന്നാണ് വാസന്തിയുടെ മൊഴി. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു