
പത്തനംതിട്ടയിലെ അറ്റകുറ്റപ്പണികള്‍ നടത്താത്ത കനാലുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. ശുചീകരിക്കാത്ത കനാലുകളില്‍ മാലിന്യം നിറഞ്ഞ് ഒഴുക്കും നിലച്ചിരിക്കുകയാണ്. വേനല്‍ക്കാലത്ത് കനാലുകള്‍ കൊണ്ട് ഗുണമില്ലാത്ത സാഹചര്യമാകുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
പന്തളം, അടൂര്‍, കടമ്പനാട്, ഏറത്ത് മേഖലയിലെ കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്‍റെ കനാലുകളാണ് കാലങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ കാടുകയറിക്കിടക്കുന്നത്. കനാലുകള്‍ വൃത്തിയാക്കാന്‍ഫണ്ടും തൊഴിലാളികളും ഇല്ലെന്നു വകുപ്പ് പറയുന്നു. ഉയര്‍ന്ന അളവില്‍ വെള്ളം തുറന്നു വിടുമ്പോള്‍ കനാല്‍ നിറഞ്ഞു കവിഞ്ഞ് സമീപത്തിലെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറുന്നുണ്ട്. കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന മേല്‍ക്കനാലില്‍ വര്‍ഷങ്ങളായി ചോര്‍ച്ചയുണ്ട്. കോണ്‍ക്രീറ്റ് ഭാഗങ്ങളും ചിലയിടത്ത് അടര്‍ന്നിട്ടുണ്ട്. കടമ്പനാട് മുതല്‍ അടൂര്‍ വരെയുള്ള ഭാഗത്താണ് കനാലുകള്‍ മാലിന്യം തള്ളല്‍ കേന്ദ്രങ്ങളായത്.
കനാലിലെ ഒഴുക്ക് തടസപ്പെടുന്നത് കാരണം പടിഞ്ഞാറന്‍ മേഖലകളിലെ കൃഷിക്കും വെള്ളം ലഭിക്കുന്നില്ല. കനാലുകള്‍ക്ക് മാത്രമല്ല കനാല്‍ക്കരകളിലെ റോഡുകള്‍ക്കും അറ്റകുറ്റപ്പണികള്‍ ഇല്ല. കഴിഞ്ഞ ദിവസം കനാലില്‍ വീണും മരിച്ചയാളുടെ മതൃദേഹം മാലിന്യത്തിലും മരക്കഷണങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. മുന്‍കാലങ്ങളില് കനാല്‍ തുറക്കും മുന്‍പ് കാട് തെളിച്ചിരുന്നു. നിലവില്‍ അതും നിലച്ചു.