
തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌കൂളിലെ ജീവനക്കാരുടെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം. സ്കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പ്രതിരോധമന്ത്രാലയവും സാമ്പത്തിക സഹായം ലഭ്യമാക്കും .ഇത് സംബന്ധിച്ച് സൈനിക് സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പും ധാരണാപത്രം ഒപ്പിട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തമുള്ള സൈനിക് സ്കൂൾ സൊസൈറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. ശിലാസ്ഥാപനം മുതൽ സാമ്പത്തിക അനിശ്ചിതത്വത്തിലായിരുന്നു ഈ വിദ്യാലയം. വിദ്യാർഥികളുടെ ഫീസ് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ആകസ്‌മിക ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് സ്‌കൂളിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത്. മൂന്നുവർഷമായി നിലനില്‍പ്പുപോലും അപകടത്തിലാകും വിധമായിരുന്നു സാമ്പത്തിക പ്രതിസന്ധി.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ഇടപെടല്‍.സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, മുൻ അഡ്മിൻ ഓഫീസർ ലഫ്റ്റനന്റ് കേണൽ ഷെല്ലി കെ. ദാസ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതനുസരിച്ച് സ്‌കൂളിലെ ജീവനക്കാരുടെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും മറ്റുഭരണപരമായ ആവശ്യങ്ങളും സംസ്ഥാനം പരിഗണിക്കും. പ്രതിരോധ മന്ത്രാലയം മുഖേനയുള്ള സൈനിക ഉദ്യോഗസ്ഥരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് പുറമെ ഉദ്യോഗസ്ഥരുടെ തൊഴിൽ, പരിശീലനം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം പ്രതിരോധമന്ത്രാലയം ലഭ്യമാക്കും