ഈറ്റ സംഭരണം നിർത്തി വച്ചു; തൊഴിലാളികൾ ദുരിതത്തിൽ

eeetacrisis-03
SHARE

പത്തനംതിട്ടയിലെ വനമേഖലയില്‍ ബാംബൂ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈറ്റ സംഭരണം നിർത്തി വച്ചു. ലോഡ് കണക്കിനു ഈറ്റ വനത്തിനുള്ളിൽ കെട്ടി കിടക്കുകയാണ്. ഇതോടെ  തൊഴിലാളികൾ ജോലി ഇല്ലാതെ ദുരിതത്തിലായി. 

ജിഎസ്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈറ്റ സംഭരണം നിർത്തിവയ്ക്കാൻ കാരണം. റാന്നി ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട റാന്നി, വടശേരിക്കര റേഞ്ചിലെ കണമല, രാജാമ്പാറ, ഗുരുനാഥൻമണ്ണ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഹെക്ടർകണക്കിനു വനമേഖലയിൽ നിന്നുള്ള ഈറ്റ സംഭരണമാണ് ഒരു മാസം മുൻപ് നിലച്ചത്. ഇതോടെ ഈറ്റ വെട്ട്, ലോഡിങ്, നെയ്യ്ത്ത് തുടങ്ങിയ മേഖലയിൽ ജോലി ചെയ്തു ഉപജീവനം തേടുന്ന നൂറ് കണക്കിനു തൊഴിലാളികൾ ദുരിതത്തിലായി. വനമേഖലയിൽ കെട്ടി കിടക്കുന്ന ഈറ്റകൾ മിക്കവയും ഉണങ്ങി തുടങ്ങി. ഈ അവസ്ഥ തുടർന്നാൽ ഇവ തീർത്തും ഉപയോഗശൂന്യമാകും.  കാട്ടു തീ ഭീഷണിയിലാണ് മിക്ക വനമേഖലയും. കാട്ടു തീ ഭയന്ന് സംഭരിച്ചു വച്ചിരിക്കുന്ന ഈറ്റയ്ക്കു കാവൽ നിൽക്കേണ്ട സാഹചര്യമാണ് തങ്ങൾക്കെന്ന് തൊഴിലാളികൾ പറയുന്നു.

സംഭരിക്കുന്ന ഈറ്റ നെയ്യ്ത്ത്, വെറ്റില കൊടിതുടങ്ങിയ ആവശ്യത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇനി ഒരു ഉത്തരവ് വരും വരെ ഈറ്റ സംഭരണിക്കേണ്ടന്നാണ് തൊഴിലാളികൾക്കു ബാംബൂ കോർപ്പറേഷൻ നൽകിയിരിക്കുന്ന നിർദേശം. ആദിവാസികൾ അടക്കമുള്ള തൊഴിലാളികൾ ഷെഡും കെട്ടി വനത്തിൽ കാവലുണ്ട്. കൈവശമുള്ള ഭക്ഷണ സാധനങ്ങൾ മിക്കവരുടേയും തീർന്നു.

MORE IN SOUTH
SHOW MORE