ദിവസ കൂലി 285 രൂപ; കോണ്‍ഗ്രസ് ഏറ്റെടുത്ത് കൊല്ലത്തെ കശുവണ്ടി സമരം

തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാതെ കൊല്ലത്ത് കശുവണ്ടിത്തൊഴിലാളികള്‍ തുടങ്ങിയ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തു. മിനിമം കൂലി പുതുക്കണമെന്നും മാസം ഇരുപതു ദിവസമെങ്കിലും ജോലി വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ഒരാഴ്ച മുന്‍പ് കശുവണ്ടി വികസന കോര്‍പറേഷന്റെ പാല്‍കുളങ്ങര ഫാക്ടറിയിലെ ഗ്രേഡിങ് വിഭാഗം തൊഴിലാളികളാണ് സമരത്തിന് തുടക്കമിട്ടത്. ചിറ്റുമല, കുന്നത്തൂര്‍, ഭരണിക്കാവ് എന്നിവിടങ്ങളിലേക്കും സമരം വ്യാപിച്ചതോടെ കോണ്‍ഗ്രസ് സമരം ഏറ്റെടുത്തു. ഡിസിസിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികള്‍ നേരിടുന്നത് കടുത്ത അവഗണനയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.

‌    

ഏഴുവര്‍ഷം മുന്‍പ് നിശ്ചയിച്ച 285 രൂപയാണ് ദിവസ കൂലി ഇത് പുതുക്കി നിശ്ചയിക്കണം. മാസത്തില്‍ അഞ്ചുദിവസമായി ചുരുങ്ങിയ ജോലി ഇരുപതു ദിവസമെങ്കിലും ആക്കണം. വര്‍ഷം 200 ദിവസം ജോലിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായിട്ടില്ല. അതേസമയം അംഗീകൃത തൊഴിലാളി സംഘടനകള്‍ നോട്ടിസ് നല്‍കാതെയുളള ഒരുസമരവും അംഗീകരിക്കില്ലെന്നാണ് കാഷ്യൂ കോര്‍‌പറേഷന്റെ നിലപാട്.