വടശേരിക്കരയിലെ മലിന്യസംഭരണ കേന്ദ്രം; കല്ലാറിലേക്ക് മാലിന്യമൊഴുകുന്നു; ആശങ്ക

പത്തനംതിട്ട വടശേരിക്കരയിൽ ആറിന്റെ തീരത്തെ മലിന്യ സംഭരണ കേന്ദ്രം ജനങ്ങൾക്ക് ആശങ്കയാകുന്നു. ശബരിമല തീർഥാടനകാലമായതിനാൽ വൻതോതിലാണ് മാലിന്യം നദിയിലെത്തുന്നത്.   വടശേരിക്കര ചന്തയിൽ കല്ലാറിനോട് ചേർന്നാണ് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സംഭരിക്കുന്ന മാലിന്യം കൃത്യമായി സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതാണ് ജനങ്ങളെ വ ലയ്ക്കുന്നത്. തീർഥാടന കാലം കൂടിയായതോടെ വൻതോതിലാണ് മാലിന്യം നദിയിലെത്തുന്നത്. ചന്തയ്ക്ക് ചുറ്റും മതിലില്ലാത്തതിനാൽ മഴക്കാലമാകുന്നതോടെ പ്രശ്നം വളരെ രൂക്ഷമാകും. നദിയെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിക്കുന്നവർ ഇതുമൂലം പ്രതിസന്ധിയിലാകുകയാണ്.  പഞ്ചായത്തിന് മാലിന്യ സംസ്കരണ സംവിധാനമില്ല. മാലിന്യങ്ങൾ സംഭരിക്കാനും സംസ്കരിക്കാനും പഞ്ചായത്ത് വർഷങ്ങൾക്കുമുമ്പ് സ്ഥലം വാങ്ങിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന ഹരിതകർമസേനയുടെ പ്രവർത്തനവും മുടങ്ങിക്കിടക്കുകയാണ്. ഇതിനുപുറമെ മാലിന്യം അലക്ഷ്യമായി കൊണ്ടുത്തള്ളുന്നവരുമുണ്ട്. മാലിന്യ സംസ്കരണത്തിന് അടിയന്തിരമായി നടപടി സ്വീകരിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.