നവരാത്രി വിഗ്രഹ ഘോഷയാത്ര; തലസ്ഥാനത്ത് ആചാരപരമായ വരവേല്‍പ്

നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് തലസ്ഥാനത്ത് ആചാരപരമായ വരവേല്‍പ്. ഇന്ന്  നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രിമണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി ഏറ്റുവാങ്ങി. 

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയാണ് ഇന്നലെ തലസ്ഥാനത്തെത്തിയത്. കളിയിക്കാവിളയില്‍ ദേവസ്വം പ്രസിഡന്‍റ് അടക്കമുള്ളവരാണ് ഘോഷയാത്ര സംസ്ഥാനത്തേക്ക് സ്വീകരിച്ചത്. റോഡിനിരുവശവും തട്ടമൊരുക്കി പൂജയും സ്വീകരണവും ഒരുക്കിയിരുന്നു.

കവടിയാർ രാജകുടുംബാംഗങ്ങളും ശ്രീ പത്മനാഭ ക്ഷേത്രം ഭാരവാഹികളും ചേര്‍ന്നാണ് ഘോഷയാത്രയെ അനന്തപുരിയിലേക്ക്  സ്വീകരിച്ചത്. പത്മനാഭപുരം കൊട്ടാര ത്തിൽ നിന്നു വേളിമല കുമാരസ്വാമി, സരസ്വതി ദേവി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി എത്തിച്ചത്. കരമന ആവടിയമ്മൻ കോവിലിലെത്തിച്ച വിഗ്രഹങ്ങൾക്ക് ഇറക്കിപൂജയും സരസ്വതിദേവിക്ക്  ആറാട്ടും നടത്തി. ശേഷം കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നെള്ളിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ  നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്നു മുതല്‍തുടക്കമാകും.