പത്തനംതിട്ട വള്ളിക്കോട്ട് മൂടിയില്ലാത്ത ഓടയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചന്ദനപ്പള്ളി–കോന്നി റോഡ് നാട്ടുകാര്‍ ഉപരോധിക്കുന്നു. ഇന്നലെയാണ് ബൈക്ക് യാത്രികന്‍ ഓടയിലേക്ക് വീണ് തലയില്‍ കമ്പി തുളച്ചു കയറിയത്. ജില്ലാ കലക്ടര്‍ എത്താതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. വിവാഹനിശ്ചയത്തിന്‍റെ തലേദിവസമാണ് യുവാവ് അപകടത്തില്‍പ്പെട്ടത്.
വള്ളിക്കോട് സ്വദേശി 34 വയസുള്ള യദുകൃഷ്ണനാണ് അപകടത്തില്‍പ്പെട്ടത്. പൂട്ടുകട്ട പാകിയ റോഡിന്‍റെ വശങ്ങളിലെ ഓട മൂടിയിരുന്നില്ല. ബൈക്കിന്‍റെ നിയന്ത്രണം തെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു. തെറിച്ചു വീണ യദുകൃഷ്ണന്‍റെ തലയിലൂടെ സ്ലാബിന്‍റെ വശത്തെ കമ്പി തുളച്ചു കയറി. തലയില്‍ കമ്പി തുളച്ചു കയറിയത് കാരണം രക്ഷാ പ്രവര്‍ത്തനം വൈകി. ബൈക്കിലുണ്ടായിരുന്ന നാലുവയസുകാരനായ കുട്ടി അല്‍ഭുതകരമായി രക്ഷപെട്ടു. വിദേശത്ത് ജോലി ചെയ്യുന്ന യദുകൃഷ്ണന്‍റെ വിവാഹ നിശ്ചയം നാളെ നടക്കേണ്ടതായിരുന്നു. അപകടകരമായ സാഹചര്യം ചൂണ്ടിക്കാട്ടിയിട്ടും കരാറുകാരന്‍ പരിഗണിച്ചില്ലെന്നും പരിഹസിച്ചെന്നും നാട്ടുകാര്‍ പറയുന്നു.
യദുകൃഷ്ണന്‍റെ നില ഗുരുതരമാണ്. പലതവണ പരാതിപ്പെട്ടിട്ടും റോഡിലെ അപകടാവസ്ഥയില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. റാന്നിയിലെ സ്വകാര്യ കമ്പനിയാണ് റോഡിന്‍റെ പണി എറ്റെടുത്തിരിക്കുന്നത്.