കൃഷി നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ; പരാതിപ്പെട്ടാൽ ശല്യം രൂക്ഷം

കാട്ടുപന്നിയും കാട്ടാനയുമൊക്കെ കൃഷി നശിപ്പിക്കുന്നത് കേള്‍‌ക്കാറുണ്ടെങ്കിലും കൊല്ലം കടയ്ക്കലില്‍ കൃഷി നാശമുണ്ടാക്കുന്നത് സാമൂഹ്യവിരുദ്ധരാണ്. കൃഷിസ്ഥലത്തിരുന്ന് മദ്യപിക്കുകയും വാഴയും കപ്പയുമൊക്കെ നശിപ്പിക്കുകയും ചെയ്യുന്നതായാണ് കര്‍ഷകന്റെ പരാതി. 

കടയ്ക്കൽ ആൽത്തറമൂട് സ്വദേശി രതിരാജന്റെ പരാതിയാണിത്. ഇരുട്ട് വീണാല്‍ കൃഷി സ്ഥലത്ത് മദ്യപാനികളുടെ ശല്യം. മദ്യപിക്കുന്നത് മാത്രമല്ല കൃഷിയെല്ലാം നശിപ്പിക്കുന്നു. പ്രവാസിയായിരുന്ന രതിരാജന്‍ ജീവിതവരുമാനത്തിന് വേണ്ടിയാണ് കൃഷിയും കന്നുകാലി വളര്‍ത്തലും ആരംഭിച്ചത്. പക്ഷേ ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഒരു കിലോ കപ്പയ്ക്ക് അന്‍പതു രൂപവരെ വിലയുളളപ്പോള്‍ കപ്പ പിഴുത് കളഞ്ഞാണ് അന്യായം ചെയ്യുന്നത്.  പൊലീസില്‍ പരാതിപ്പെട്ടാല്‍ ശല്യം കൂടുതലാകും. മദ്യക്കുപ്പികളും പ്ളാസ്റ്റിക് വസ്തുക്കളുമൊക്കെ ഉപേക്ഷിച്ച് പോകുന്നതും പതിവാണ്. പൊലീസ് അന്വേഷണം ഉണ്ടാകണമെന്നാണ് ആവശ്യം.