കനാലുകള്‍ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു; മുങ്ങിയത് 13 വീടുകൾ

കനാലുകള്‍ വൃത്തിയാക്കാതെ വെളളം തുറന്നുവിട്ടു. വീടുകളില്‍ വെളളം കയറി, കൃഷി നശിച്ചു. കൊല്ലത്ത് കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ വഴിയെത്തിയ വെളളമാണ് ദുരിതമായത്. ഇളമ്പളളൂര്‍ പഞ്ചായത്തിലുളളവര്‍ക്കാണ് നഷ്ടങ്ങളുണ്ടായത്. 

ഇളമ്പളളൂര്‍ പഞ്ചായത്തിലെ ത്രിവേണി രണ്ടാംവാര്‍ഡിലാണ് കനാല്‍വെളളം കുഴപ്പങ്ങളുണ്ടാക്കിയത്. പനംകുറ്റി ഏലാ, മുണ്ടയ്ക്കല്‍ തോട് എന്നിവിടങ്ങളിലാണ് വെളളം കയറിയത്. പതിമൂന്ന് വീടുകളില്‍ വെള്ളം കയറി. കൊയ്തെടുക്കാൻ പാകമായ പാടശേഖരത്തിലെ നെല്ലും വെളളത്തിനടിയിലായി. കനാലില്‍ അടിഞ്ഞുകൂടിയ മാലിന്യവും മണ്ണും നീക്കം ചെയ്യാത്തതിനാല്‍ വെളളം ഒഴുകിപ്പോകാന്‍ ഇടമില്ലാതെയായി. ഇതാണ് വീടുകളിലേക്ക് ഉള്‍പ്പെടെ വെളളമെത്താന്‍ കാരണമായത്. 

തെന്മലയിലെ അണക്കെട്ടില്‍ നിന്ന് കനാല്‍ വഴി വെളളം തുറന്നുവിടുമെന്ന് നേരത്തെ ജലസേചനവകുപ്പ് അറിയിച്ചിരുന്നതാണ്. പക്ഷേ ചെറിയ കനാലുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണിയൊന്നും നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതാണ് പരാതിക്ക് കാരണം