വടശ്ശേരിക്കരയിലെ പഞ്ചായത്ത് ഭൂമിയിൽ നിന്ന് മരംമുറിച്ചു; വിവാദം

പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നു മരം മുറിച്ചു വിറ്റതില്‍ വിവാദം. പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ മരം മുറിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കാട് വൃത്തിയാക്കാന്‍ ചുമതലപ്പെടുത്തിയ ആള്‍ക്ക് പറ്റിയ അബദ്ധമാണ് മരംമുറിയെന്നാണ് സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ വിശദീകരണം.

മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നതിനാണ് വടശേരിക്കര പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരിശുംമൂടിന് സമീപം സ്ഥലം വാങ്ങിയത്. പറമ്പ് വൃത്തിയാക്കുന്നതിന്റെ മറവില്‍ അവിടെയുണ്ടായിരുന്ന മുഴുവന്‍ മരങ്ങളും കഴിഞ്ഞ ദിവസം മുറിച്ചു കടത്തി.

അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ രേഖാമൂലം പൊലീസില്‍ പരാതി നല്‍കി. മൊഴിയെടുക്കുകയല്ലാതെ ഇതുവരെ ഒരുനടപടിയുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാടുകയറി കിടന്നിരുന്ന സ്ഥലം വൃത്തിക്കാന്‍ തീരുമാനിച്ചത് എല്ലാവരും ചേര്‍ന്നാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിക്കുന്നു. കരാറുകാരന്‍ മരവും മുറിച്ചു കൊണ്ടു പോയി. മരങ്ങളുടെ വില നിര്‍ണയിക്കാന്‍ എ.ഇയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തുക കരാറുകാരനില്‍ നിന്നു ഈടാക്കുമെന്നുമാണ് സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമതിയുടെ നിലപാട്.