തിരുവനന്തപുരം കോർപറേഷനിലെ നികുതി തിരിമറി; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തിരിമറിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ ഇന്നലെ തുടങ്ങിയ സമരം തുടരുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും സമരത്തിനിറങ്ങി. 

തിരുവനന്തപുരം കോർപ്പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിൽ വീട്ടുകരമായി ജനങ്ങൾ അടച്ച 32 ലക്ഷം രൂപ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 25 ലക്ഷത്തിന്റെ തിരിമറി നടന്ന നേമം സോണിലെ സൂപ്രണ്ട് എസ്. ശാന്തി ഉൾപ്പെടെ അഞ്ചു പേർ സസ്പെൻഡ് ചെയ്തു. എന്നാൽ, ഇടതു സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ കോർപ്പറേഷൻ പൊലീസിൽ പരാതി നൽകാതെ സംരക്ഷിക്കുകയാണെന്നാണ് കൗൺസിൽ ഹാളിൽ ഇന്നലെ മുതൽ കുത്തിയിരിക്കുന്ന ബിജെപി കൗൺസിലർമാർ  ആരോപിച്ചു.

രാത്രിയിലും കൗൺസിൽ ഹാളിൽ ഇരുന്ന് പ്രതിഷേധിച്ച കൗൺസിലർമാർക്ക് പിന്തുണയുമായി മഹിളാ മോർച്ച പവർത്തകർ കോർപ്പറേഷനിലേക്ക് മാർച്ച് ചെയ്തു. വിഷയത്തിൽ സി പി എമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസിന്റെ സമരം. കോർപ്പറേഷൻ തന്നെയാണ് ക്രമക്കേട് കണ്ടെത്തിയതെന്നും കുറ്റക്കാരെ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നുമാണ് മേയറുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഇന്നലെ കൗൺസിൽ യോഗത്തിനിടെ ബിജെപി അംഗം ഗിരികുമാർ കയ്യേറ്റം ചെയ്തെന്ന ഡെപ്യൂട്ടി മേയർ പികെ രാജുവിന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ഡെപ്യൂട്ടി മേയർക്കെതിരെ ഗിരികുമാർ ഡിജിപിക്ക് പരാതി നൽകി.