കൂട്ടംതെറ്റി നാട്ടിലെത്തി കുട്ടിയാന; കോന്നി ആനത്താവളത്തിലേക്ക് മാറ്റും

പത്തനംതിട്ട കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപത്തു നിന്നു കഴിഞ്ഞ ദിവസം ലഭിച്ച കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തിലേക്ക് മാറ്റും. ശക്തമായ മഴവെള്ളപാച്ചില്‍പ്പെട്ടാണ് കുട്ടിയാന, കൂട്ടം തെറ്റി നാട്ടിലെത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം.

ഒന്നര വയസേയുള്ളു കുട്ടിക്കൊമ്പന്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് നിലവില്‍ പരിചരിക്കുന്നത്. ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു ആനയെ കോന്നി ആനത്താളത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന് മുന്നോടിയായി ഡോക്ടര്‍മാര്‍ കുട്ടിക്കൊമ്പനെ പരിശോധിച്ചു.

ഈ മാസം പത്തൊന്‍പതാം തീയതിയാണ് കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപം കുട്ടിയാനെ കണ്ടെത്തിയത്. ആനയെ അന്നു രാത്രി തന്നെ വേലുത്തോട് വനത്തില്‍ താല്‍കാലിക കൂട് കെട്ടി അതിലേക്കു മാറ്റിയിരുന്നു. കാട്ടാനകൂട്ടമെത്തി കുട്ടിക്കൊമ്പനെ കൂട്ടിക്കൊണ്ടു പോകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആന കൂട്ടം എത്തിയെങ്കിലും കുട്ടിയാനയെ കൂട്ടാതെ മടങ്ങുകയായിരുന്നു.