ചിന്നക്കടയിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം പാതിവഴിയിൽ; പഴിചാരൽ മാത്രം

കൊട്ടിഘോഷിച്ചു പണി തുടങ്ങിയ കൊല്ലം ചിന്നക്കടയിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം പാതിവഴിയിൽ. നിർമാണം നിലച്ചിട്ട് ഒന്നര വർഷമായിട്ടും കോർപറേഷനും കാരാറുകാരനും പരസ്പരം പഴിചാരുകയാണ്. 

കഴിഞ്ഞ വർഷം മാർച്ചിൽ നിർമാണം മുടങ്ങിയതാണ് .  താഴെത്തെ നിലയുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുകയും മുകൾ നിലയുടെ തൂണുകളുടെ നിർമാണം പുരോഗമിക്കെ പണി നിർത്തിവച്ചു. ഇനി എന്നു തുടങ്ങുമെന്ന് ആർക്കുമറിയില്ല.കൊല്ലം നഗരത്തിലെത്തുന്ന യാത്രക്കാർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കാൻചിന്നക്കട മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിനും അടിപ്പാതയ്ക്കും ഇടയിലാണ് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി,  വിശ്രമ മുറികൾ, കഫറ്റീരിയ, എടിഎം കൗണ്ടർ തുടങ്ങിയവയാണ് വിശ്രമ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയത്. രണ്ടു നിലകളിൽ നാലായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണ ചെലവ് എൺപതു ലക്ഷത്തിലേറെ രൂപ.പണം ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ നൽകിയില്ലെന്നാണ് കരാറെടുത്ത ഹാബിറ്റാറ്റ് പറയുന്നത്.

റോഡിൽ നിന്നു മൂന്നു മീറ്റർ അകലമില്ലാതെയാണ് നിർമാണം. ഇളവിനായി സർക്കാരിനു കത്തെഴുതിയെങ്കിലും. മറുപടിയൊന്നുമില്ല. അതേസമയം നിർമാണത്തിന് തടസമില്ലെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം.