കൊട്ടിയം ജംക്്ഷനില്‍‌ കുടിവെള്ള പൈപ്പ് പൊട്ടി; വെള്ളം പാഴായത് ഇരുപതു ദിവസം

ദേശീയപാതയിൽ കൊല്ലം കൊട്ടിയം ജംക്്ഷനില്‍‌ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായത് ഇരുപതു ദിവസം. ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞുനോക്കാതായപ്പോള്‍ സ്വകാര്യവ്യക്തി മന്ത്രിയുടെ ഒാഫീസില്‍ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നടപടിയുണ്ടായത്.

കൊല്ലം കൊട്ടിയം ജംക്്ഷനിലാണ് ജലഅതോറിറ്റിയുടെ അനാസ്ഥയില്‍ കുടിവെളളം പാഴായത്. ഇരുപതു ദിവസം ഇതുവഴി പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അനങ്ങിയില്ല. കൊട്ടിയം സ്വദേശിയായ മജീഷ്യൻ ഷിജു മനോഹർ വിഷയത്തില്‍ ഇടപെട്ടു. ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുമായി സംസാരിച്ചപ്പോൾ റോഡ് കുഴിക്കാന്‍  പിഡബ്ല്യുഡിഅനുമതി നല്‍കിയില്ലെന്നായിരുന്നു മറുപടി.

തുടര്‍ന്ന് ജലസേചനമന്ത്രിയുടെ ഒാഫീസില്‍ വിളിച്ച് ഷിജുമനോഹര്‍ പരാതി പറഞ്ഞു. അവിടെ നിന്ന് ലഭിച്ച ടോള്‍ ഫ്രീ നമ്പറില്‍ പരാതി റജിസ്റ്റര്‍ ചെയ്തതോടെയാണ് നടപടിയായത്. അതിവേഗം ജലചോര്‍ച്ച പരിഹരിക്കാനുളള പ്രവൃത്തിയും തുടങ്ങി.

          രണ്ടുവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തമ്മിലുളള സഹകരണമില്ലായ്മയില്‍ നിരവധി പ്രദേശങ്ങളിലേക്ക് എത്തേണ്ട കുടിവെളളമാണ് പാഴായതെന്ന് ചുരുക്കം.