ഭീഷണിയായി നാരങ്ങാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടം; പൊളിച്ച് നീക്കണം

പത്തനംതിട്ട നാരങ്ങാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം. പൊളിഞ്ഞു വീഴാറായ കെട്ടിട്ടം രോഗികള്‍ക്കും കോവിഡ് വാക്സീനെടുക്കാന്‍ എത്തുന്നവര്‍ക്കും വലിയ ഭീഷണിയാണ്.

പുതിയ കെട്ടിടം പണിഞ്ഞതോടെ പഴയത് ഉപയോഗിക്കുന്നില്ല. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞു തുടങ്ങി. തൂണുകള്‍ക്കും ബലക്ഷയമുണ്ട്. രോഗികള്‍ ആ ഭാഗത്തേക്ക് പോകാതിരിക്കാന്‍ കയര്‍ കൊണ്ട് കെട്ടി തിരിച്ചിരിക്കുകയാണ്.

ദിവസം നൂറക്കണക്കിന് ആളുകള്‍ എത്തുന്ന നാരങ്ങാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥല പരിമിതികളുണ്ട്. പ്രശ്നത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.