കുളത്തുപ്പുഴയിൽ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ; വിദ്യാർഥിക്ക് പരുക്ക്

കൊല്ലം കുളത്തൂപ്പുഴ മേഖലയില്‍ കനത്തമഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍. വീടിന്റെ മേല്‍ക്കൂര തകര്‍‌ന്ന് നെടുവത്തൂര്‍കടവില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. 

കുളത്തുപ്പുഴ നെടുവന്നൂര്‍കടവ് ബ്ലോക്ക് നമ്പര്‍ 47 ല്‍ ലക്ഷ്മിയുടെ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. വീടിനുളളില്‍‌ കിടന്നുറങ്ങുകയായിരുന്ന ലക്ഷ്മിയുടെ ചെറുമകന്‍ അനന്ദുവിന് പരുക്കേറ്റു. മേല്‍ക്കൂര തകര്‍ന്ന് അനന്ദുവിന്‍റെ ശരീരത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് അടുത്ത മുറിയില്‍ നിന്നും എത്തിയവര്‍ ഓട് നീക്കം ചെയ്ത് അനന്ദുവിനെ പുറത്തെടുത്തു. കാലിനും തലയ്ക്കും പരുക്കേറ്റ അനന്ദുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഉണ്ടെങ്കിലും അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വസത്തിലാണ് എല്ലാവരും. മേല്‍ക്കൂര തകര്‍ന്ന് വീടിനുളളില്‍ ഉണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വീടിന്‍റെ കൂടുതല്‍ ഭാഗങ്ങളും അപകടാവസ്ഥയിലാണ്. സര്‍ക്കാര്‍ സഹായം തേടി കുടുംബം പഞ്ചായത്ത് വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കി.

രണ്ടുദിവസമായി മലയോരമേഖലയില്‍ ഒറ്റപ്പെട്ട കനത്തമഴ തുടരുകയാണ്.