ബന്ധുവിന്റെ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി; പിടികൂടി എക്സൈസ്

തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് പനവൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയാളെ എക്സൈസ് പിടികൂടി. കാട്ടാക്കട മണക്കാകോണം സ്വദേശി ഫ്രാന്‍സിസാണ് ബന്ധുവിന്റെ വീടിന്റെ പിന്നില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത്. ശിവമൗലി എന്ന ഔഷധ ചെടിയാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.

നെടുമങ്ങാടിനടുത്ത് പനവൂരിലെ തവരക്കുഴി എസ്റ്റേറ്റിലെ വീട്ടിലെത്തിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടത് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന രണ്ട് ചെടികള്‍. കിണറിന്റെ പിന്‍വശത്ത് , ചാക്കിലും ബക്കറ്റിലുമായി നട്ടുനനച്ച് വളര്‍ത്തിയിരിക്കുന്നു. കഞ്ചാവാണെന്ന് ആദ്യ പരിശോധനയില്‍ തന്നെ ഉറപ്പിച്ച എക്സൈസ് സംഘം അവ പിഴുതെടുത്തു.

ഐവിൻ ജയ്സൺ ജോണ്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീടും പുരയിടവും. പക്ഷെ ചെടി നട്ടതും പരിപാലിച്ചതും അദേഹമല്ല. ബന്ധുവായ കാട്ടാക്കട മണക്കാകോണം സ്വദേശി ഫ്രാന്‍സിസാണ്. ഫ്രാന്്‍സിസിനെ പിടികൂടിയതോടെ കുറ്റം ഏറ്റുപറഞ്ഞു. 9 മാസം മുന്‍പ് വലിക്കാനായി വാങ്ങിയ കഞ്ചാവില്‍ നിന്നാണ് വിത്ത് പാകിയത്. ശിവമൗലി എന്ന ഔഷധ ചെടിയെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. വീട്ടുമടസ്ഥന് കാര്യം അറിയില്ലെന്നാണ് മൊഴിയെങ്കിലും അദേഹത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. വാമനപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.