മൃഗങ്ങളൊഴിഞ്ഞ് നെയ്യാർ പാർക്ക്; അവസാന സിംഹവും ചത്തു

തിരുവനന്തപുരം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാന സിംഹവും ചത്തു. 21 വയസുള്ള ബിന്ദു ചത്തത് പ്രായാധിക്യത്താലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടാഴ്ചക്കിടെ രണ്ട് സിംഹം ചത്തതോടെ പാര്‍ക്ക് പൂട്ടേണ്ട അവസ്ഥയിലായി. 

നെയ്യാര്‍ പാര്‍ക്കിലെ രാജാവും രാഞ്ജിയുമായിരുന്നു നാഗരാജനും ബിന്ദുവും. പാര്‍ക്കില്‍ അവശേഷിച്ചിരുന്ന ഏക കാഴ്ചയും കൗതുകവും ഇവരായിരുന്നു. നാഗരാജ് 18 ാം തീയതി ചത്തു. 14 ദിവസങ്ങള്‍ക്കിപ്പുറം ഇന്ന് പുലര്‍ച്ചെ ബിന്ദുവും. ബിന്ദു ജനിച്ചതും വളര്‍ന്നതുമെല്ലാം ഈ പാര്‍ക്കില്‍ തന്നെയാണ്. പാര്‍ക്കിനപ്പുറം കണ്ടിട്ടില്ലാത്ത ബിന്ദുവിനെ ഇവിടെ തന്നെ സംസ്കരിക്കും. അങ്ങിനെ മൃഗങ്ങളില്ലാത്ത പാര്‍ക്കായി ഇവിടം മാറും.

നെയ്യാര്‍ ഡാമിനുള്ളില്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട കാട്ടില്‍  രാജ്യത്തെ ആദ്യ സിംഹപാര്‍ക്കെന്ന വിശേഷണത്തോടെ 1985ലാണ് സഫാരി പാര്‍ക്ക് തുടങ്ങിയത്.  നാല് സിംഹങ്ങളുമായി തുടങ്ങി പിന്നീട് 16 എണ്ണം വരെയായി. വാഹനത്തില്‍ സഞ്ചരിച്ച് സിംഹത്തെ അടുത്ത് കാണാവുന്ന പാര്‍ക്കിലേക്ക് സഞ്ചാരികളും ഓടിയെത്തി. എന്നാല്‍ 2005ല്‍ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെ പാര്‍ക്കിന്റെ നാശം തുടങ്ങി. പലവിധ കാരണങ്ങളാല്‍ പലതും ചത്തു. അങ്ങിനെ 2018 ആയപ്പോഴേക്കും ബിന്ദു മാത്രമായി. പിന്നീട് ബിന്ദുവിനെ കൂട്ടായി ഗുജറാത്തില്‍ നിന്നെത്തിച്ചതാണ് നാഗരാജനെ. അവരും പോയതോടെ ഇരുപതേക്കറോളം വരുന്ന പാര്‍ക്കില്‍  ചികിത്സക്കെത്തിച്ച രണ്ട് കടുവകളൊഴിച്ചാല്‍ മൃഗങ്ങളൊന്നുമില്ല.