റോഡിൽ വിള്ളൽ; പൊന്‍മുടിയിലേക്കുള്ള ഗതാഗതം പുനരാരംഭിക്കാന്‍ വൈകും

വിനോദ സഞ്ചാരകേന്ദ്രമായ പൊന്‍മുടിയിലേക്കുള്ള റോഡില്‍ ഗതാഗതം പുനരാരംഭിക്കാന്‍ വൈകും. റോഡിലെ വിള്ളലിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. റോഡിലെ കൂടുതല്‍ മേഖലകളില്‍ മണ്ണിടിച്ചിലിനും അപകടത്തിനും സാധ്യതയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. വിഡിയോ റിപ്പോർട്ട് കാണാം. 

കാലവര്‍ഷത്തില്‍ കോട മഞ്ഞില്‍ പുതച്ച് കിടക്കുന്ന പൊന്‍മുടി കാണാന്‍ സഞ്ചാരികളെത്താറുണ്ട്. ലോക്ഡൗണൊക്കെ മാറി ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് കൊടുത്താലും ഇത്തവണ പൊന്‍മുടിയുടെ സൗന്ദര്യം ആസ്വദിക്കാനായേക്കില്ല. അവിടേക്കുള്ള റോഡ് അടച്ചിരിക്കുകയാണ്. 11, 12 ഹെയര്‍പിന്‍ വളവുകളില്‍ റോഡിന്റെ ഒരു ഭാഗത്ത് വിള്ളല്‍ കണ്ട് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലാണ് ഗതാഗതം നിരോധിച്ചത്. ഒട്ടേറെയിടങ്ങളില്‍ ഒരു വാഹനം കടന്ന് പോകാനുള്ള വീതി മാത്രമാണ് റോഡിനുള്ളത്. അതിനാല്‍ വിള്ളലുള്ള ഭാഗം സുരക്ഷിതമാക്കാതെ ഗതാഗതം അനുവദിച്ചാല്‍ അപകട സാധ്യതയെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പണിയെല്ലാം പൂര്‍ത്തിയാക്കി റോഡ് തുറക്കാന്‍ ആഴ്ചകളെടുത്തേക്കും. അതിനിടെ വിള്ളല്‍ കണ്ട സ്ഥലം കൂടാതെ ഒട്ടേറെയിടങ്ങളിലും അപകടഭീഷണിയെന്നാണ് നാട്ടുകാരുടെ പരാതി.

സംരക്ഷണ ഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കണമെന്ന നിര്‍ദേശം തഹസീല്‍ദാറും കലക്ടറെ അറിയിച്ചിട്ടുണ്ട്. അതും നിലവിലെ അറ്റകുറ്റപണികള്‍ക്കൊപ്പം നടത്താനും ആലോചനയുണ്ട്. അതേസമയം റോഡില്‍ വിള്ളല്‍ വീഴാന്‍ കാരണം സ്വകാര്യ നെറ്റ് വര്‍ക്ക് കമ്പനി കേബിള്‍ വലിക്കാനായി കുഴിയെടുത്തതാണെന്നും പരാതിയുണ്ട്.