ദുരിതത്തിന് അവസാനം; തെറ്റിയാറിൻ കരയിലെ കുടുംബങ്ങൾക്ക് ഭൂമി നൽകാമെന്ന് ടെക്നോപാർക്ക്

thettiyar-techno-park
SHARE

തിരുവനന്തപുരം തെറ്റിയാറിൻ കരയിലെ അഞ്ചു കുടുംബങ്ങൾക്ക് പകരം ഭൂമി നൽകാമെന്ന് ടെക്നോപാർക്ക് അധികൃതർ ഉറപ്പുനല്കി. പതിനഞ്ചു വർഷം മുൻപ് ടെക്നോപാർക്ക് ഫെയ്സ്  മൂന്നിന് സ്ഥലമെടുത്തപ്പോൾ താഴ്ന്ന പ്രദേശത്തായിപ്പോയ  കുടുംബങ്ങൾക്കാണ് ദുരിതം അവസാനിച്ചത്. മനോരമ ന്യൂസാണ് കുടുംബങ്ങളുടെ ദയനീയാവസ്ഥ  പുറം ലോകത്തെത്തിച്ചത്. വിഡിയോ സ്റ്റോറി കാണാം. 

താഴ്ന്ന ഭാഗത്ത് മണ്ണിട്ട് നികത്തി വൻ കെട്ടിടങ്ങൾ നിർമിച്ചപ്പോഴുണ്ടായ ദുരിതം.  ഒരു വർഷം തന്നെ പത്തോളം തവണ വീട് വിട്ട് മാറേണ്ട ദുരിതാവസ്ഥയിലായിരുന്നു ഈ കുടുംബങ്ങൾ. വെള്ളമിറങ്ങിയാലും കക്കൂസ് മാലിന്യവും ചെളിയും കലർന്ന കിണർ നന്നാകാൻ ആഴ്ചകളെടുക്കും. ഈ സ്ഥലം കൂടി ടെക്നോപാർക്ക് ഏറ്റെടുത്ത് പകരം സ്ഥലം നൽകാൻ പല തവണ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. 

ഇക്കഴിഞ്ഞ മഴയിലും വീടുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഈ കുടുംബങ്ങൾ ടെക്നോപാർക്ക് ഫെയ്സ് 3 യിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. സ്ഥലം MLA കൂടിയായ കടകംപള്ളി സുരേന്ദ്രൻ സ്ഥലത്തെത്തിയെങ്കിലും ടെക്നോപാർക്ക് നടപടിയെടുക്കട്ടെയെന്ന് പറഞ്ഞു മടങ്ങുകയായിരുന്നു. അന്നുമുതൽ ഈ കുടുംബങ്ങൾ യമുന ബ്ലോക്കിൽ താമസമായിരുന്നു. മനോരമ ന്യൂസ് വാർത്തയേത്തുടർന്ന് തഹസീൽദാറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് ഈ സ്ഥലം ഏറ്റെടുക്കാൻ ടെക്നോപാർക്ക് തയ്യാറായത്. അഞ്ച് സെന്റോ അതിൽ കുറവോ ഭൂമിയുള്ളവർക്ക് അഞ്ച് സെന്റ് വീതവും അതിൽ കൂടുതലുള്ളവർക്ക് ഏറ്റെടുക്കുന്നതിന് തുല്യമായ സ്ഥലവും നല്കും..  വീടു വയ്ക്കാൻ 5 ലക്ഷം രൂപയും വാടകയ്ക്ക് താമസിക്കാൻ അമ്പതിനായിരം രൂപയും ടെക്നോപാർക്ക് നൽകും.

MORE IN SOUTH
SHOW MORE
Loading...
Loading...