കഴക്കൂട്ടം സര്‍വീസ് റോഡ് ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

kazhakkoottam
SHARE

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് സര്‍വീസ് റോഡിന്‍റെ ഒരു ഭാഗം തുറന്നു. ഇതോടെ എലവേറ്റഡ് ഹൈവേ നിര്‍മാണത്തെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കിന് തെല്ല് ആശ്വാസമായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകേണ്ട എലവേറ്റഡ് ഹൈവേ നിര്‍മാണം പാതിവഴിയില്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ജനത്തിന് ദുരിതം അവസാനിക്കുന്നില്ല. 

എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന കഴക്കൂട്ടത്ത് സർവ്വീസ് റോഡില്ലാത്തതിനാല്‍ മാസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. മുക്കാല്‍ മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കിടന്നശേഷമാണ് വാഹനങ്ങള്‍ കഴക്കൂട്ടം പിന്നിട്ടിരുന്നത്. മഴപെയ്താല്‍ ചെളിക്കുളമാകുന്ന റോഡില്‍ നിരവധി അപകടങ്ങളുമുണ്ടായി. അപകടങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബന്ധപ്പെട്ടവരുടെ യോഗം നിരവധി തവണ വിളിച്ചു ചേർത്തെങ്കിലും സർവ്വീസ് റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. മിഷൻ ഹോസ്പിറ്റലിനടുത്തു നിന്നാരംഭിച്ച് കഴക്കൂട്ടം വരെയുള്ള 800 മീറ്റർ സർവ്വീസ് റോഡാണ് ടാർ ചെയ്ത് ഇപ്പോള്‍ ഗതാഗത യോഗ്യമാക്കിയത്. ഇതോടെ ഗതാഗതക്കുരുക്കിന് നേരിയ ശമനമായി. ഇനി 1.2 കിലോമീറ്റർ ദൂരത്തിൽ ഇരു ഭാഗത്തെയും സർവ്വീസ് റോഡുകൾ പൂർത്തിയാകാനുണ്ട്. ഓടകളും നിര്‍മിക്കണം. നിര്‍മാണം ഇഴഞ്ഞ് നീങ്ങിയതുമൂലം റോഡിന് ഇരുവശവുമുള്ള വ്യാപാരികള്‍ കടതുറന്നിട്ട് മാസങ്ങളായി.

സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്. മഴക്കാലത്തിന് മുൻപ് ഇരുവശത്തെയും സർവ്വീസ് റോഡ് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാണ കമ്പനി പറയുന്നു. 61 തൂണുകളിലായി 2.72 കിലോമീറ്റർ ദൂരത്തിലാണ് എലിവേറ്റഡ് ഹൈവേ നിർമിക്കുന്നത്. 7.5 മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തും സർവ്വീസ് റോഡുകളുണ്ടാകും. കൂടാതെ 7.75 മീറ്റർ വീതിയിലുള്ള റോഡ് പാലത്തിനടിയിലും. 200 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...