റോഡും ബീച്ചും പൂർണമായി തകർന്നു; പ്രതാപം നശിച്ച് ശംഖുമുഖം

ഉദ്ഘാടനം കഴിഞ്ഞിട്ടും ശംഖുമുഖം ബീച്ചിന്റെ പുനര്‍നിര്‍മാണ ജോലികള്‍ തുടങ്ങിയില്ല. റോഡും ബീച്ചും പൂര്‍ണമായും തകര്‍ന്ന നിലയിലായതോടെ സന്ദര്‍ശകരും ബീച്ചിനെ കൈവിട്ടു തുടങ്ങി. ഇതോടെ വഴിയോര കച്ചവടക്കാരടക്കം ഒട്ടേറെ കുടുംബങ്ങളുടെ വരുമാനവും നിലച്ചു. കാറ്റേറ്റും കാഴ്ചകണ്ടും വൈകുന്നേരങ്ങള്‍ ആനന്ദകരമാക്കാന്‍ കാഴാചക്കാരൊഴുകിയെത്തിയിരുന്ന ഇടമായിരുന്നു ശംഖുമുഖം. ഇന്ന് കമ്പിവേലിക്കെട്ടിനപ്പുറത്തെ കടലല്ലാതെ, കടപ്പുറമില്ല.

ഓഖി ദുരന്തമാണ് ശംഖുമുഖത്തെ തകര്‍ത്ത് തുടങ്ങിയത്. പിന്നാലെയെത്തിയ കടല്‍ക്ഷോഭങ്ങള്‍ ബീച്ചും റോഡുമെല്ലാം തകര്‍ത്തെറിഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി നശിച്ചുകിടക്കുന്ന ബീച്ചിനെ കാഴ്ചക്കാരും ഉപേക്ഷിച്ചതോടെ കച്ചവടക്കാരുടെ ജീവിതവും ബീച്ചുപോലെ തകര്‍ന്ന് പോയി.

ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് മന്ത്രിമാര്‍ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ബീച്ചും റോഡുമെല്ലാം പുനര്‍നിര്‍മിക്കാന്‍ കോടികളുടെ ഫണ്ടും അനുവദിച്ചു. ഒരുമാസം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനവും നടത്തി. പക്ഷെ പണിമാത്രം തുടങ്ങിയില്ല. പൂര്‍ണമായും തകര്‍ന്നതോടെ കെട്ടിയടച്ച റോഡിന്റെ  നിര്‍മാണമെങ്കിലും ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.