കൊല്ലം കടയ്ക്കലിൽ ജനവാസകേന്ദ്രത്തിൽ കരടി ഇറങ്ങി. കടയ‍്ക്കൽ ആനപ്പാറക്ക് സമീപം കുറ്റിക്കാട്ടിലാണ് കരടിയെ കണ്ടത്. കരടിയെ പിടിക്കാൻ വനംവകുപ്പ് കെണിവെച്ചു.
കടയ്ക്കൽ ആനപ്പാറ കാട്ടുകുളങ്ങരയ്ക്ക് സമീപമാണ് കരടിയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. തിരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ കരടിയെ കണ്ടു. ജനം കൂടിയതോടെ കരടി കാട്ടിലേക്ക് ഓടി കയറി.
കരടിയെ പിടികൂടുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.