കടുവ ചത്തത് രോഗം ബാധിച്ച്; സാംപിളുകൾ ദേശീയ ലാബിലേക്ക് അയയ്ക്കും

പത്തനംതിട്ട മണിയാര്‍ ഇഞ്ചപൊയ്കയില്‍  ചത്ത കടുവ രോഗബാധിതയായിരുന്നുവെന്ന് വനംവകുപ്പ്. കടുവയുടെ സാംപിളുകള്‍ വിദഗ്ധപരിശോധനയ്ക്ക് ദേശീയ ലാബിലേക്ക് അയക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കടുവയുടെ ജഡം ദഹിപ്പിക്കും.

വനംവകുപ്പിലെ രണ്ട് ഡോക്ടര്‍മാര്‍, മൃഗസംരക്ഷണവകുപ്പില്‍ നിന്നുള്ള ഒരുഡോക്ടറും ചേര്‍ന്നാണ് കടുവയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടികള്‍ വീഡിയോയില്‍ പകര്‍ത്തി.  ഡി.എഫ്.ഒ, വാര്‍ഡ് അംഗം, വന്യജിവി സംരക്ഷണ വിഷയത്തിലെ വിദഗ്ധന്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക സംഘം നടപടികള്‍ ഉറപ്പാക്കി. കടുവയുടെ ഇരുപതില്‍പ്പരം ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇവ ഡെറാഡൂണിലെ ദേശീയ ലാബില്‍ പരിശോധനയ്ക്കയക്കും. 

പ്രാഥമീക റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സംസ്ഥാന സര്‍ക്കാരിനും ദേശീയ കടുവസംരക്ഷണസമിതിക്കും കൈമാറും. ഇന്നലെ രാത്രിയാണ് ഇഞ്ചപൊയ്കയില്‍  അവശനിലയില്‍ കടുവയെ കണ്ടത്. തുടര്‍ന്ന് വനപാലകര്‍ നടത്തിയ തിരച്ചിലില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്നത് ഈ കടുവയാണ്.