കനത്ത മഴയും കാറ്റും; റാന്നിയില്‍ വ്യാപക നാശനഷ്ടം

കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും പത്തനംതിട്ട റാന്നി മേഖലയില്‍ വ്യാപക നാശനഷ്ടം. സ്കൂള്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനൊപ്പം കൃഷിയും നശിച്ചു.

കഴിഞ്ഞദിവസം വൈകിട്ടുണ്ടായ മഴയാണ് നാശം വിതച്ചത്. ശക്തമായ കാറ്റില്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ പതിച്ചു. കാറ്റില്‍ ഓടിളകിയതിനൊപ്പം ഷീറ്റുകളും നിലംപൊത്തി. 

പുനലൂര്‍ മുവാറ്റുപുഴ പാതയില്‍ മരങ്ങളും, വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണു.  വാളിപ്ലാക്കല്‍ മുതല്‍ വലിയ കലുങ്ക് വരെയുള്ള ഭാഗത്താണ് വലിയ നാശം. കാര്‍ഷീകവിളകളും നശിച്ചിട്ടുണ്ട്. കേടുപാടുകള്‍ വന്നവീടുകള്‍ ശരിയാക്കാന്‍ ധനസഹായം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷിനശിച്ച സാഹചര്യത്തില്‍ കൃഷിവകുപ്പിന്റെ സഹായവും പ്രതീക്ഷക്കുകയാണ് കര്‍ഷര്‍.