11 ഭക്ഷ്യധാന്യങ്ങളുടെ ചാക്കിൽ ക്രമക്കേട്: നടപടി എടുക്കാതെ ഭക്ഷ്യവകുപ്പ്

പതിനൊന്ന് ചാക്ക് ഭക്ഷ്യധാന്യങ്ങളുടെ ക്രമക്കേട് കണ്ടെത്തിയ റേഷന്‍കടയ്ക്കെതിരെ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഭക്ഷ്യവകുപ്പ്. തിരുവനന്തപുരം കഠിനംകുളത്തെ എ.ആര്‍.ഡി 230 കടയ്ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയത്. കടയുടമയുടെ രാഷ്ട്രീയ ബന്ധമാണ് നടപടി വൈകാന്‍ കാരണമെന്നാണ് സൂചന.  

സൗജന്യ അരി വിതരണം തുടങ്ങിയശേഷം എറ്റവും കൂടുതല്‍ റേഷന്‍കടകളില്‍ ക്രമക്കേട് കണ്ടെത്തിയത് തിരുവനന്തപുരത്താണ്. പതിനാല് റേഷന്‍കടകളുടെ ലൈസന്‍സാണ് ഇതുവരെ സസ്പെന്‍ഡ് ചെയ്തത്. ഇതിനിടയിലാണ് കഠിനകുളത്തെ ഇരുനൂറ്റി മുന്‍പതാം നമ്പര്‍ കടയ്ക്കെതിരെ രണ്ടരയാഴ്ച മുമ്പ് ഭക്ഷ്യമന്ത്രിയുടെ ഒാഫീസില്‍ പരാതി ലഭിക്കുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഒാഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ പരിശോധനയില്‍ 254 കിലോയുടെ ഗോതമ്പും 88 കിലോ കുത്തരിയും അധികം കണ്ടെത്തി.171 കിലോ പുഴുക്കലരിയുടെ കുറവും ഉണ്ടായിരുന്നു. ആകെ 513 കിലോ ഭക്ഷ്യധാന്യങ്ങളുടെ ക്രമക്കേട്. കടയ്ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ സപ്ലൈ ഒാഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു അനക്കവുമില്ല. ഇരുനൂറ് കിലോ ഭക്ഷ്യധാന്യങ്ങളില്‍ കൂടുതല്‍  ക്രമക്കേട് കണ്ടെത്തിയാല്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്നാണ് നിര്‍ദേശം. കടയുടമയുടെ രാഷ്ട്രീയ സ്വധീനമാണ് നടപടിയെടുക്കാന്‍ വൈകുന്നതെന്നാണ് സൂചന. ഇതിലും ചെറിയ ക്രമക്കേടുകള്‍ കണ്ടെത്തിയ കടകള്‍ക്കെതിരെപോലും നടപടിയെടുത്ത ജില്ലയില്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് മറ്റൊരു നീതി നടപ്പാക്കുന്നതില്‍  ഉദ്യോഗസ്ഥര്‍ക്കും അമര്‍ഷമുണ്ട്.