വാഗ്ദാനങ്ങൾ വെറുതേയായി; ആംബുലൻസില്ലാതെ വലഞ്ഞ് പെരുമാതുറക്കാർ

തിരുവനന്തപുരം പെരുമാതുറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അനുവദിച്ച ആംബുലന്‍സ് മാസങ്ങള്‍ക്ക് ശേഷവും ആശുപത്രിയിലെത്തിയില്ല. എം.പിക്ക് പുറമെ എം.എല്‍.എ നല്‍കിയ വാഗ്ദാനവും  പാഴായി. ഇതോടെ മല്‍സ്യത്തൊഴിലാളികളുള്‍പ്പെടെ അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തീരദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്.

തിരുവന്തപുരത്തെ മല്‍സ്യത്തൊഴിലാളി ഗ്രാമമാണ് പെരുമാതുറ. വള്ളം മറിഞ്ഞും കടല്‍ക്ഷോഭിച്ചും അപകടങ്ങള്‍ പതിവ്. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ അംബുലന്‍സ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യം എം.പിയായിരുന്ന സമ്പത്ത് ആഘോഷപൂര്‍വം ഒരു ഫ്ളാഗ് ഓഫൊക്കെ നടത്തി ആംബുലന്‍സ് അനുവദിച്ചു. പക്ഷെ റജിസ്ട്രേഷനെന്ന പേരില്‍ കൊണ്ടുപോയ ആംബുലന്‍സ് തിരികെ വന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ജൂണില്‍ ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എം.എല്‍.എയുമായ വി.ശശി ഒരു ആംബുലന്‍സ് കൂടി പ്രഖ്യാപിച്ചു. എട്ട് മാസമായിട്ടും അതും ആശുപത്രിയിലെത്തിയിട്ടില്ല.

ആംബുലന്‍സിനായി 14 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവെല്ലാം ഇറങ്ങിയിരുന്നു. പിന്നീട് എന്ത് സംഭവിച്ചൂവെന്ന് എം.എല്‍.എയ്ക്ക് പോലും അറിയില്ല. ഇതോടെയാണ് വിവിധ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിത്തുടങ്ങിയത്. അപകടത്തില്‍ അടുത്ത ജീവന്‍ പൊലിയും മുന്‍പെങ്കിലും ആംബുലന്‍സ് ആശുപത്രിയിലെത്തുമോയെന്നാണ് നാട്ടുകാരുടെ കാത്തിരിപ്പ്.